Asianet News MalayalamAsianet News Malayalam

ലാല്‍ ജോസിന്‍റെ 'നാല്‍പ്പത്തിയൊന്ന്' പൂര്‍ത്തിയായി; 25-ാം ചിത്രത്തില്‍ ബിജു മേനോനും നിമിഷ സജയനും

കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ സിനിമയില്‍ നാൽപ്പത്തിയൊന്ന് കഥാപാത്രങ്ങളാണ് ഉള്ളത്. 

laljose's 25 th film named forty one completed
Author
Kochi, First Published May 15, 2019, 8:23 PM IST

കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് ലാല്‍ ജോസ്. ബോക്സോഫീസിന് പുറമെ പ്രേക്ഷകരുടെ മനസ്സും കീഴടക്കിയ ലാല്‍ ജോസിന്‍റെ 25-ാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നാല്‍പ്പത്തിയൊന്ന് എന്ന് പേരിട്ട സിനിമയില്‍ ബിജു മേനോനും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
ഒരു പുതിയ നായകനും നായികയും ഉൾപ്പടെ നിരവധി പുതുമുഖങ്ങൾ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലാല്‍ ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ സിനിമയില്‍ നാൽപ്പത്തിയൊന്ന് കഥാപാത്രങ്ങളാണ് ഉള്ളത്. കണ്ണൂരിൽ നിന്ന് തുടങ്ങി ഒരു തെക്കൻ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

മാർച്ച് , ഏപ്രിൽ മാസങ്ങളുടെ ചൂട് തലശ്ശേരിയിലെ ചെമ്മൺ പാതകളെ പതിവുപോലെ പൊളളിച്ചു. ചൂടും പൊടിയും ഷൂട്ടും സമാസമം ചേർന്നതിന്റെ ഫലമായി ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി- ഷൂട്ടിംഗ് വിവരങ്ങള്‍ പങ്കുവെച്ച് ലാല്‍ ജോസ് കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...

പ്രിയപ്പെട്ടവരേ, നാൽപ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഒരു യാത്രയുടെ കഥ പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഒരു പാട് സ്ഥലങ്ങളിൽ ഷൂട്ടുണ്ടായിരുന്നു. കർണ്ണാടകത്തിലെ മടിക്കേരിയിലും വാഗമണ്ണിലും വച്ച് ഇടയ്ക്കിടെ കോടമഞ്ഞ് ഇറങ്ങി വന്ന് ഒന്ന് വിരട്ടി. മാർച്ച് , ഏപ്രിൽ മാസങ്ങളുടെ ചൂട് തലശ്ശേരിയിലെ ചെമ്മൺ പാതകളെ പതിവുപോലെ പൊളളിച്ചു. ചൂടും പൊടിയും ഷൂട്ടും സമാസമം ചേർന്നതിന്റെ ഫലമായി ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി. എങ്കിലും എല്ലാവരും ഒറ്റമനസ്സോടെ ഉറച്ചു നിന്നതു കണ്ടിട്ടാകണം ഒരു നല്ല സിനിമയെ വല്ലാതെ വലക്കണ്ടെന്ന് പ്രകൃതി തീരുമാനമെടുത്തിരുന്നുവെന്ന് തോന്നുന്നു. അറിഞ്ഞ് അനുഗ്രഹിച്ച് കൂടെനിന്ന പ്രകൃതിക്ക് , കുമാർജിയുടെ ക്യാമറയിലേക്ക് കനിഞ്ഞിറങ്ങിവന്നു നിഴലും നിലാവും തീർത്തതിന് പ്രകൃതിയോട് ആദ്യമേ നന്ദി പറയട്ടെ. സാന്നിദ്ധ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും മനസ്സുകൊണ്ടും ഒപ്പം നിന്ന ഏവർക്കും നന്ദി.കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം.

Follow Us:
Download App:
  • android
  • ios