രജനികാന്ത് നായകനായി അഭിനയിച്ച ദര്‍ബാര്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിലെ ഫോട്ടോയൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരിക്കുകയാണ്. ചിത്രം തിയേറ്ററിലെത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനികാന്തിന്റെ ഭാര്യ ലതയും മക്കളും ചിത്രം ആദ്യ ഷോ തന്നെ കണ്ടു.

മികച്ച ചിത്രം തന്നെയെന്നാണ് ലത രജനികാന്ത് ദര്‍ബാറിനെ കുറിച്ച് പ്രതികരിച്ചത്. രോഹിണി തിയേറ്ററിലാണ് മകള്‍ ഐശ്വര്യക്കും സൌന്ദര്യക്കും ഒപ്പം ലത രജനികാന്ത് സിനിമ കാണാനെത്തിയത്. അനിരുദ്ധ് രവിചന്ദെര്‍ മികച്ച ജോലി തന്നെ ചെയ്‍തു. മറ്റ് സാങ്കേതിക പ്രവര്‍ത്തകരും മികവ് കാട്ടി. എന്നെപ്പോലെ ആര്‍ക്കാണ് സന്തോഷിക്കാൻ കഴിയുക എന്നൊക്കെയായിരുന്നു ലത രജനികാന്തിന്റെ പ്രതികരണം.  എന്റെ ഇന്നത്തെ ദിവസം തുടങ്ങിയത് ഇങ്ങനെയാണ് എന്നായിരുന്നു തിയേറ്റില്‍ നിന്നുള്ള ഫോട്ടോ ഷെയര്‍ ചെയ്‍ത് സൌന്ദര്യ പറഞ്ഞത്. ഞങ്ങള്‍ നിന്നില്‍ ജീവിക്കുന്നു, സ്‍നേഹം അപ്പ എന്നാണ് ഐശ്വര്യ പറഞ്ഞത്. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ് ചിത്രത്തിന്റെ ഇൻട്രോ സോംഗ് ആലപിച്ചത്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിര്‍വഹിച്ചു. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. നയൻതാരയാണ് നായിക.