വാപ്പയുടെ എതിർപ്പുകൾ, മകൻ സർക്കാർ ജോലി നേടണമെന്ന വാശി; ഒടുവില്‍ അവയെ ചിരിപ്പിച്ച് മറികടന്ന ഹനീഫ്
മകൻ സർക്കാർ ജോലിക്കാരൻ ആകണമെന്നായിരുന്നു ഹനീഫിന്‍റെ പിതാവിന്റെ ആഗ്രഹം.

കഴിഞ്ഞ മുപ്പത് വർഷക്കാലമായി കലാഭവൻ ഹനീഷ് സിനിമാ ലോകത്ത് ഉണ്ടായിരുന്നു. 'ചെപ്പ് കിലുക്കണ ചങ്ങാതി'യിൽ തുടങ്ങിയ വെള്ളിത്തിര പ്രയാണം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് 150 സിനികളിലാണ്. പലപ്പോഴും ഒന്നോ രണ്ടോ സീനിൽ മാത്രമെ ഹനീഷ് സിനിമകളിൽ കാണുള്ളൂ. എന്നാൽ അവ പ്രേക്ഷകരുടെ മനസിൽ എക്കാലവും ഓർത്തുവയ്ക്കാൻ പറ്റുന്ന കഥാപാത്രങ്ങളാകും. പ്രേക്ഷനെ അവ ഓർത്തോർത്ത് ചിരിപ്പിക്കും. 'ഈ പറക്കും തളിക'യിലെ മാണവാളൻ അതിന് ഉദാഹാരണം മാത്രം. ഇന്നും സോഷ്യല്‍ മീഡിയ മീമുകളില്‍ സജീവമാണ് ഹനീഫയുടെ ഈ വേഷം.
കൊച്ചു കൊച്ചു സ്കിറ്റുകളിലൂടെയും മിമിക്രിയിലൂടെയും വേദികളെ കയ്യിലെടുന്ന കലാഭവൻ ഹനീഫിന് ഈ നിലയിൽ എത്താൻ വാപ്പയുടെ ഭാഗത്തുനിന്നും വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. മകൻ സർക്കാർ ജോലിക്കാരൻ ആകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ ആ എതിർപ്പുകളെ എല്ലാം കാറ്റിൽ പറത്തി ഹനീഫ് കലയെ ജീവിതമാക്കി മാറ്റുക ആയിരുന്നു.
"എന്റെ പ്രോഗ്രാം മിക്കപ്പോഴും രാത്രി ഒൻപത് മണിക്ക് ശേഷമാകും. പലപ്പോഴും എഴുപുന്നയിൽ നിന്നും 29 കിലോമീറ്റർ നടന്ന് വീട്ടില്‍ വന്നിട്ടുള്ള ആളാണ് ഞാൻ. ഇന്നത് ആലോചിക്കുമ്പോൾ എന്റെ ഉള്ള് കിടുങ്ങും. പ്രോഗ്രാമിന് പോകുമ്പോൾ വണ്ടിയിൽ കൊണ്ടു പോകും. തിരിച്ച് പക്ഷേ കൊണ്ടാക്കില്ല. അന്നൊക്കെ അതേ നടക്കുള്ളൂ. ആദ്യകാലങ്ങളിൽ വാപ്പയിൽ നിന്നും വലി എതിർപ്പുകൾ ഉണ്ടായിരുന്നു. ഭയങ്കരമായിട്ട് അദ്ദേഹത്തിന്റെ പ്രതിഷേധമുണ്ടായി. പക്ഷേ ഇതാകും ഞാൻ കൊണ്ടു നടക്കാൻ പോകുന്ന പ്രൊഫഷൻ എന്ന് വാപ്പയോട് ഒരിക്കലും പറഞ്ഞിരുന്നില്ല.
വാപ്പ ഒരിക്കൽ എന്നെ തല്ലിയിരുന്നു. ഒരിക്കലും മറക്കാനാകാത്ത തല്ലായിരുന്നു അത്. പണ്ട് ലോഫർ എന്ന സിനിമ കാണാൻ തിയറ്ററിൽ പോയി. സ്കൂളിൽ പഠിക്കുന്ന കാലമാണ്. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ, ക്ലാസിൽ പോയാ നീ എന്ന് വാപ്പ ചോദിച്ചു. പോയെന്ന് നുണ പറഞ്ഞു. നോക്കിയപ്പോൾ വാപ്പയുടെ കയ്യിൽ പേര കമ്പ്. നിന്നെ തിയറ്ററിൽ കണ്ടല്ലോ എന്ന് വാപ്പ പറഞ്ഞതോടെ ഞാൻ ലോക്കായി. നുണ പറഞ്ഞതിനാണ് അന്ന് അടി കിട്ടിയത്. ഇല്ലായിരുന്നേൽ അടിക്കില്ലായിരുന്നു. അങ്ങനെ 1981ൽ ആണ് ഞാൻ കലാഭവനിൽ കയറുന്നത്. അമ്മാവന്മാർ നല്ല സപ്പോർട്ട് ആയിരുന്നു എനിക്ക്. എല്ലാ മാതാപിതാക്കളെയും പോലെ ഞാൻ പഠിച്ച് ഒരു സർക്കാർ ജോലി വാങ്ങണം എന്നായിരുന്നു വാപ്പയുടെ ആഗ്രഹം. സർക്കാർ ജോലി കിട്ടിയാൽ മരണം വരെ കഞ്ഞി കുടിക്കാലോ എന്നൊരു ധാരണയായിരുന്നു അക്കാലത്ത്. അതെന്റെ വാപ്പയ്ക്കും ഉണ്ടായിരുന്നു", എന്നാണ് മുൻപൊരിക്കൽ ഹനീഷ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..