സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ടുകെട്ട് സാധാരണക്കാരന്റെ ജീവിതം ഹാസ്യാത്മകമായി അവതരിപ്പിച്ച് മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ചു. ദാസനും വിജയനും പോലുള്ള കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടംപിടിച്ച ഇവർ  16 വർഷത്തെ ഇടവേളയെടുത്തു. 

മലയാളി ഇന്നും ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡയലോഗുകളിൽ ഒന്ന് ഏതെന്ന് ചോദിച്ചാൽ അത് "ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാത്തതെന്തെടാ ദാസാ" എന്നാവും. മറ്റൊന്ന് രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഇന്നും മുഴങ്ങുന്ന "പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്" എന്നതും. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ ഡയലോഗുകൾക്കും അവ സൃഷ്ടിച്ച ദാസനും വിജയനും ഒക്കെ ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരൊറ്റ മാന്ത്രിക കൂട്ടുകെട്ടേയുള്ളൂ - സത്യൻ അന്തിക്കാട് - ശ്രീനിവാസൻ. സാധാരണക്കാരന്റെ ജീവിതം സ്ക്രീനിലെത്തിച്ച മാന്ത്രികർ, മലയാളിയുടെ സ്വീകരണമുറിയിലേക്ക് അവരവരുടെ സിനിമയെ എത്തിച്ചവര്‍. ഒരു ശരാശരി മലയാളിയുടെ ജീവിത പ്രാരാബ്ധങ്ങളും, തൊഴിലില്ലായ്മയും, കുടുംബബന്ധങ്ങളും ഇത്രത്തോളം സത്യസന്ധമായും ഹാസ്യാത്മകമായും മറ്റാരും അവതരിപ്പിച്ചിട്ടില്ലെന്ന് തന്നെ പറയാം. തൊഴിലില്ലാത്ത യുവാക്കളുടെ പ്രതീകമായി ദാസനും വിജയനും മാറിയപ്പോൾ അത് ഓരോ മലയാളിയുടെയും കഥയായി. അങ്ങനെ മലയാളികളുടെ എക്കാലത്തെയും ഫേവറേറ്റുകളായി നാടോടിക്കാറ്റും പട്ടണപ്രവേശവും മാറി. രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളെ പരിഹസിച്ച 'സന്ദേശം" ഇന്നും പ്രസക്തമായി തുടരുന്നു. ഗൾഫിൽ നിന്ന് മടങ്ങിയെത്തി നാട്ടിൽ ഒരു ബസ് സർവീസ് തുടങ്ങാൻ കഷ്ടപ്പെടുന്ന സാധാരണക്കാരന്റെ നോവ് വരവേൽപ്പിലൂടെ നമ്മൾ കണ്ടു. സാധാരണ കുടുംബങ്ങളിലെ കുശുമ്പും കുന്നായ്മകളും നർമ്മത്തിൽ ചാലിച്ച് ഇവർ സ്ക്രീനിലെത്തിച്ചു.

16 വർഷത്തെ 'നിശബ്ദത'

വിജയങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴാണ് ആരാധകരെ നിരാശരാക്കി ഈ കൂട്ടുകെട്ട് ഒരു 16 വര്‍ഷത്തെ ഇടവേള എടുത്തു. 2002-ൽ പുറത്തിറങ്ങിയ 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന ചിത്രത്തിന് ശേഷം വീണ്ടും അവർ ഒന്നിക്കാൻ നീണ്ട 16 വർഷങ്ങൾ എടുത്തു. 2018-ൽ 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെയാണ് ആ മടക്കയാത്ര സംഭവിച്ചത്. എന്തുകൊണ്ടായിരുന്നു ഇത്രയും നീണ്ട ഇടവേളയെന്നത് സത്യൻ അന്തിക്കാട് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. "സത്യത്തിൽ ആ ഇടവേള എങ്ങനെയുണ്ടായി എന്ന് ഞങ്ങൾക്ക് രണ്ടാൾക്കും അറിയില്ല. കുറെക്കാലം ഒന്നിച്ച് വർക്ക് ചെയ്ത ശേഷം മനപ്പൂർവ്വം ഒന്ന് മാറി നിൽക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ആ സമയത്താണ് ശ്രീനിവാസൻ 'ഉദയനാണ് താരം' പോലുള്ള സിനിമകളിലേക്ക് മാറുന്നത്. ഞാൻ അന്ന് ലോഹിതദാസിനൊപ്പം ചേർന്ന് സിനിമകൾ ചെയ്യാൻ തുടങ്ങി. ശ്രീനി തിരക്കിലാവുമ്പോൾ ശല്യം ചെയ്യണ്ടല്ലോ എന്ന് ഞാനും കരുതി." പരസ്പരമുള്ള ബഹുമാനവും മറ്റ് തിരക്കുകളും കാരണമാണ് ആ ഇടവേള നീണ്ടുപോയത്. പക്ഷേ, ആ കാത്തിരിപ്പിന് വിരാമമിട്ട് അവർ വീണ്ടും ഒന്നിച്ചപ്പോൾ പിറന്നത് 'ഞാൻ പ്രകാശൻ' എന്ന സൂപ്പർ ഹിറ്റായിരുന്നു. ശ്രീനിവാസന്റെ തൂലികയിൽ നിന്ന് പിറന്ന ആ ഡയലോഗുകൾ വെറും സിനിമ സംഭാഷണങ്ങളല്ല, മറിച്ച് മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയവയാണ്. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും നമ്മെ ചിരിക്കാൻ പഠിപ്പിച്ചത് ഇവരുടെ സിനിമകളാണ്. ഒരുപക്ഷേ, ആ 16 വർഷത്തെ ഇടവേള ഉണ്ടായിരുന്നില്ലെങ്കിൽ നമുക്ക് ഇനിയും ഒട്ടേറെ ദാസൻമാരെയും വിജയൻമാരെയും ലഭിക്കുമായിരുന്നു. എങ്കിലും, അവർ നൽകിയ ആ പഴയ ചിത്രങ്ങൾ ഇന്നും നമ്മുടെ ടെലിവിഷൻ സ്ക്രീനുകളിൽ വിരുന്നെത്തുമ്പോൾ ഓരോ മലയാളിയും അറിയാതെ പറഞ്ഞുപോകും - "ഇതൊക്കെയാണ് സിനിമ!"