ചെന്നൈ: മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയില്‍ സിനിമയില്‍ അഭിനയിക്കരുതെന്ന് നടന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ട സംവിധായകനുനേരെ ഭീഷണിയെന്ന് പരാതി. തന്റെ ജീവന് ഭീഷണിയുണ്ടെന്നു മുഖ്യമന്ത്രി സഹായിക്കണമെന്നും സംവിധായകന്‍ ആര്‍ സീനുരാമസ്വാമി ട്വീറ്റ് ചെയ്തു. 'വിജയ് സേതുപതിയുടെ മകള്‍ക്കുനേരെയുണ്ടായതുപോലെ തനിക്കെതിരെയും ഭീഷണി ഉയരുകയാണ്. ഭീഷണി സന്ദേശം ലഭിച്ചു. അശ്ലീല മെസേജുകള്‍ കൊണ്ട് വാട്‌സ് ആപ് തുറക്കാന്‍ പോലുമാകുന്നില്ല'-അദ്ദേഹം പറഞ്ഞു.

നേരത്തെ മുത്തയ്യ മുരളീധരനായി വിജയ് സേതുപതി വേഷമിടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരം വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറി. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയടക്കമുള്ളവര്‍ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടിരുന്നു. 

മുത്തയ്യ മുരളീധരന്‍ വഞ്ചകനാണെന്നാണ് ഒരുവിഭാഗം പറയുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം അവസാനിച്ചപ്പോള്‍ മുത്തയ്യ സര്‍ക്കാറിനെ പുകഴ്ത്തിയെന്നും ഒരുവിഭാഗം പറയുന്നു. എന്നാല്‍, നിരപരാധികളെ കൊലപ്പെടുത്തുന്നതിനെ താന്‍ അനുകൂലിച്ചിട്ടില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി.