പത്താം ക്ലാസില്‍ തോറ്റ്, ജീവിക്കാന്‍ വേണ്ടി ടൈല്‍സ് പണിക്കിറങ്ങി ഒടുവില്‍ സിനിമയിലെത്തിയ ബിനീഷ് ബാസ്റ്റിന്‍റെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്.
മലയാള സിനിമയില്‍ ഗുണ്ടകളുടെ പ്രതിനിധിയായാണ് ബിനീഷ് ബാസ്റ്റിന്‍ സ്ക്രീനില്‍ നിറഞ്ഞുനിന്നിരുന്നത്. കട്ടത്താടിയും ഗുണ്ടാ ലുക്കമുള്ള ബിനീഷ് നായകന്മാരുടെ തല്ലുവാങ്ങിയ സിനിമകളുടെ പട്ടിക നീണ്ടതാണ്. ഒടുവില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‍യുടെ തെരിയില്‍ വേഷം ലഭിച്ചതോടെ ബിനീഷ് ശ്രദ്ധിക്കപ്പെട്ടു. പത്താം ക്ലാസില്‍ തോറ്റ്, ജീവിക്കാന്‍ വേണ്ടി ടൈല്‍സ് പണിക്കിറങ്ങി ഒടുവില്‍ സിനിമയിലെത്തിയ ബിനീഷ് ബാസ്റ്റിന്‍റെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കൊച്ചി തോപ്പുംപടിയിലാണ് ബിനീഷ് ബാസ്റ്റിന്‍റെ വീട്. അച്ഛന്‍ സെബാസ്റ്റ്യന്‍. അമ്മ മരിയ. അച്ഛന് സ്വര്‍ണപ്പണിയായിരുന്നു ജോലി. പിന്നീട് മത്സ്യബന്ധനത്തിലേക്ക് തിരിച്ചു. എട്ടുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. അമ്മക്ക് ബീഡി തെറുപ്പായിരുന്നു ജോലി.

ബിനീഷ് ബാസ്റ്റിന്‍റെ തോപ്പുംപടിയിലെ വീട്
രണ്ടര സെന്‍റിലുള്ള പഴക്കമുള്ള ഓടിട്ട വീട്ടിലാണ് ബിനീഷ് ബാസ്റ്റിനും അമ്മയും താമസിക്കുന്നത്. സഹോദരങ്ങള്‍ എല്ലാം മാറിത്താമസിച്ചപ്പോള്‍ അമ്മയും ബാസ്റ്റിനും ഒറ്റക്കായി. പരിചയക്കാര്‍ വഴിയാണ് സിനിമയിലെത്തുന്നത്. സിനിമ ബിനീഷിന്‍റെ വലിയ സ്വപ്നമൊന്നുമായിരുന്നില്ല. അവിചാരിതമായി എത്തിപ്പെട്ടതാണ്. ബിനീഷിന്‍റെ കട്ടത്താടിയാണ് സിനിമാക്കാര്‍ക്ക് പിടിച്ചത്. നിരവധി ചിത്രങ്ങളില്‍ ചെറുവേഷം ചെയ്തു. അങ്ങനെയിരിക്കെ, സൂപ്പര്‍ സ്റ്റാര്‍ വിജയ് നായകനായ തെരി എന്ന സിനിമയില്‍ ചെറിയ വേഷം ലഭിച്ചു. അതോടെ ആളുകള്‍ അറിയാന്‍ തുടങ്ങി.
സിനിമക്ക് പുറമെ, ഉദ്ഘാടന ചടങ്ങുകള്‍ക്കും ക്ഷണം ലഭിച്ചു തുടങ്ങി. കഴിഞ്ഞ പ്രളയകാലത്തും കഴിഞ്ഞ മാസത്തെ പെരുമഴയിലും ബിനീഷിന്‍റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ വെള്ളം കയറിയ വീഡിയോയും ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. വീട് നിര്‍മിച്ച് നല്‍കാമെന്ന് പലരും വാഗ്ദാനം ചെയ്തെങ്കിലും ബിനീഷ് നിരസിച്ചു. വീട് നിര്‍മിക്കാന്‍ പണം സമ്പാദിക്കാനുള്ള ആരോഗ്യം തനിക്കുണ്ടെന്നും അതുകൊണ്ടാണ് നിരസിക്കുന്നതെന്നുമാണ് ബിനീഷ് പറയുന്നത്.
കഴിഞ്ഞ മഴയില്‍ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ബിനീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ
