തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ സിനിമകള്‍ ഒടിടി (ഓവര്‍ ദി ടോപ്പ്) പ്ലാറ്റ്ഫോമുകള്‍ വഴി റിലീസ് ചെയ്യുന്നത് ഇന്ത്യന്‍ സിനിമയില്‍ ചൂടുള്ള ചര്‍ച്ചയാണിന്ന്. നിര്‍മ്മാതാക്കള്‍ ഇതിനെ അനുകൂലിക്കുമ്പോള്‍ തീയേറ്റര്‍ ഉടമകള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നുമുണ്ട്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം തങ്ങള്‍ നേരിട്ടു റിലീസ് ചെയ്യാന്‍ പോകുന്ന ആറ് സിനിമകള്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ഒരു മലയാളചിത്രവും ഉണ്ടായിരുന്നു.  വിജയ് ബാബു നിര്‍മ്മിച്ച് ജയസൂര്യ നായകനാവുന്ന സൂഫിയും സുജാതയും എന്ന ചിത്രമാണ് അത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സിനിമ ഇത്തരത്തില്‍ റിലീസ് ചെയ്യപ്പെടുന്നത്. അതൃപ്തി അറിയിച്ച ഫിലിം എക്സിബിറ്റേഴ്‍സ് ഫെഡറേഷന്‍ വിജയ് ബാബുവിന്‍റെയും ജയസൂര്യയുടെയും വരും ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ നല്‍കില്ലെന്നും പ്രഖ്യാപിച്ചു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. നിര്‍മ്മാതാക്കളും തീയേറ്റര്‍ ഉടമകളും അവരവരുടെ തീരുമാനങ്ങള്‍ എടുക്കട്ടെയെന്ന് അഭിപ്രായപ്പെടുന്ന ലിജോ മറ്റൊന്നുകൂടി ചോദിക്കുന്നു- ജീവിതം വീണ്ടെടുത്തിട്ടുപോരേ സിനിമ എന്ന്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കുറിപ്പ്

തങ്ങളുടെ സിനിമകൾ എവിടെ പ്രദര്‍ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്‍ക്കും ഒരുപോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്.

മലയാളത്തില്‍ നിന്ന് സൂഫിയും സുജാതയും ഉള്‍പ്പെടെ ആറ് സിനിമകളുടെ ഡയറക്ട് റിലീസ് ആണ് ആമസോണ്‍ പ്രൈം ഇന്നലെ പ്രഖ്യാപിച്ചത്. ഹിന്ദി ചിത്രം ശകുന്തളാദേവി, തമിഴ് ചിത്രങ്ങളായ പൊന്മകള്‍ വന്താല്‍, പെന്‍ഗ്വിന്‍, കന്നഡ ചിത്രങ്ങളായ ഫ്രഞ്ച് ബിരിയാണി, ലോ എന്നിവയാണ് ഡയറക്ട് ഒടിടി റിലീസ് ആയി എത്താന്‍ പോകുന്നത്. അമിതാഭ് ബച്ചനും ആയുഷ്‍മാന്‍ ഖുറാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുലാബോ സിതാബോ എന്ന ഹിന്ദി ചിത്രവും തങ്ങളുടെ പ്ലാറ്റ്ഫോം വഴിയാണ് എത്തുകയെന്ന് ആമസോണ്‍ പ്രൈം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖി നായകനാവുന്ന ഘൂംകേതു എന്ന ചിത്രം മറ്റൊരു ഒടിടി പ്ലാറ്റ്ഫോം ആയ സീ 2 വഴിയാണ് റിലീസ് ചെയ്യപ്പെടുന്നത്.