ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്‍പതാമത് അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍. ലിജോയുടെ ഏറ്റവും പുതിയ ചിത്രം 'ജല്ലിക്കട്ടി'ലെ സംവിധാന മികവിനാണ് പുരസ്‌കാരം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലിജോ 'ഇഫി'യില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മേളയിലും മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു. ഈ.മ.യൗ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് ലിജോ കഴിഞ്ഞ തവണത്തെ ബെസ്റ്റ് ഡിറക്ടര്‍ അവാര്‍ഡ് നേടിയത്.

ലിജോയുടെ 'ജല്ലിക്കട്ട്' അടക്കം അഞ്ച് മലയാളചിത്രങ്ങളായിരുന്നു ഇത്തവണ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചത്. ഫീച്ചര്‍ വിഭാഗത്തില്‍ ജല്ലിക്കട്ടിന് പുറമെ മനു അശോകന്റെ ഉയരെ, ടി കെ രാജീവ്കുമാറിന്റെ കോളാമ്പി, നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ, നോവിന്‍ വാസുദേവിന്റെ ഇരവിലും പകലിലും ഒടിയന്‍ എന്നി ചിത്രങ്ങളും പനോരമയില്‍ ഇടംപിടിച്ചിരുന്നു.