18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്ര മേളയിൽ സംവിധായിക ലിപിക സിംഗ് ദരൈയും എഡിറ്റർ ഐറിൻ ധർ മാലിക്കും തങ്ങളുടെ ചലച്ചിത്ര അനുഭവങ്ങൾ പങ്കുവച്ചു

18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ നടന്ന ഇൻ- കോൺവെർസേഷനിൽ പ്രമുഖ ഡോക്യുമെന്ററി സംവിധായിക ലിപിക സിംഗ് ദരൈയും മുതിർന്ന എഡിറ്റർ ഐറിൻ ധർ മാലിക്കും പങ്കെടുത്തു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതലുള്ള തങ്ങളുടെ ചലച്ചിത്ര യാത്രകൾ ഇരുവരും പങ്കുവെച്ചു.

ചെറുപ്പത്തിൽ ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിൽ വളർന്നപ്പോൾ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചതാണ് ശബ്ദത്തോടുള്ള ഇഷ്ടത്തിന് തുടക്കമായത്. പിന്നീട് എഫ്. ടി. ഐ. ഐയിൽ നിന്ന് സൗണ്ട് റെക്കോർഡിംഗ് ആന്റ് ഡിസൈനിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം സംവിധാന രംഗത്തേക്കും തിരിഞ്ഞു. സൗണ്ട് എഞ്ചിനീയറിംഗ് രംഗത്തെ പരിമിതികൾ മൂലം തന്റെ സർഗ്ഗാത്മകതയെ പൂർണമായും അവതരിപ്പിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സ്വന്തം ഭാഷയായ ഒഡിയയിൽ സിനിമകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. ഒഡീഷയിലെത്തി കുറഞ്ഞ ബജറ്റിൽ ഡോക്യുമെന്ററികൾ നിർമ്മിച്ചു തുടങ്ങി. കുറഞ്ഞ ബജറ്റും പരിചയസമ്പന്നരായ എഡിറ്റർമാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുമാണ് തുടക്കത്തിൽ തന്നെ സ്വയം എഡിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ലിപിക പറഞ്ഞു.

"ഒരു ആശയത്തെ സ്വന്തം കാഴ്ചപ്പാടിലൂടെ വികസിപ്പിച്ച്, അതിലേക്ക് പൂർണ്ണ ശ്രദ്ധ നൽകി നിർമ്മിക്കുമ്പോൾ ലഭിക്കുന്ന അനുഭവം വേറെ തന്നെയാണ്. എന്നാൽ ഒരു സിനിമ എന്നത് സംവിധായകന്റേത് മാത്രമല്ല, അതിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും കൂട്ടായ്മയാണെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി." ലിപിക സിംഗ് ദരൈ പറഞ്ഞു

സ്വന്തം സിനിമകൾ സ്വയം എഡിറ്റ് ചെയ്യുന്ന ലിപികയുടെ രീതിയെക്കുറിച്ച് പ്രശസ്ത എഡിറ്ററായ ഐറിൻ ധർ മാലിക്ക്, തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചു. ഒരു എഡിറ്റർ കൂടെയുണ്ടാകുമ്പോൾ സിനിമയ്ക്ക് പുതിയൊരു കാഴ്ചപ്പാടും തലവും ലഭിക്കുമെന്ന് ഐറിൻ പറഞ്ഞു. തന്റെ 'ഫ്രം ദി ഷാഡോസ്' എന്ന സിനിമയുടെ എഡിറ്റിംഗ് അനുഭവം ഐറിൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി. പെൺവാണിഭത്തിനിരയായ കേന്ദ്രകഥാപാത്രം തന്റെ മുഖം വെളിപ്പെടുത്താൻ വിസമ്മതിച്ചപ്പോൾ, വ്യക്തിത്വം മറച്ചുവെച്ച് കഥ പറയേണ്ടിവന്ന വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഒരു എഡിറ്ററുടെ നിഷ്പക്ഷമായ ഇടപെടൽ സിനിമയെ എത്രത്തോളം സഹായിച്ചുവെന്ന് അവർ വിവരിച്ചു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming