ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥി ആയിരുന്നു ആര്‍ജെ സൂരജ്. സമൂഹമാധ്യമങ്ങളില്‍ മുന്‍പേ സജീവമായിരുന്ന സൂരജ് ഇപ്പോഴിതാ ഒരു ലോക്ക് ഡൗണ്‍ മിനി വീഡിയോ സിരീസുമായി എത്തിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഫ്ളാറ്റ് പശ്ചാത്തലമാക്കി, സൂരജ് ഉള്‍പ്പെടെ മൂന്ന് പേര്‍ കഥാപാത്രങ്ങളാവുന്നതാണ് സിരീസ്.

ഖത്തറിലെ എഫ്എം റേഡിയോ സ്റ്റേഷനായ റേഡിയോ മലയാളത്തില്‍ ആര്‍ജെയാണ് സൂരജ്. അവിടുത്തെ സഹപ്രവര്‍ത്തകരായ ആര്‍ജെ ജിബിന്‍, ആര്‍ജെ പാര്‍വ്വതി എന്നിവരാണ് ഈ മിനി സിരീസില്‍ സൂരജിന് ഒപ്പമുള്ളത്. റേഡിയോ മലയാളത്തില്‍ വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പത് വരെ ഇവര്‍ അവതരിപ്പിക്കുന്ന ദോഹ ജംഗ്ഷന്‍ എന്ന പരിപാടിയുടെ ഇടവേളകളിലാണ് വീഡിയോകളുടെ ഷൂട്ടിംഗും എഡിറ്റിംഗുമൊക്കെ നിര്‍വ്വഹിച്ചതെന്ന് സൂരജ് പറയുന്നു. ആശയം, ക്യാമറ, എഡിറ്റിംഗ്, സംവിധാനം ഒക്കെ ഇവര്‍ തന്നെയാണ് നിര്‍വ്വഹിച്ചത്. സൂരജിന്‍റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു റിലീസ്. മികച്ച പ്രേക്ഷകപ്രതികരണമാണ് ഫേസ്ബുക്കില്‍ ഇതിന് ലഭിച്ചിരിക്കുന്നത്.