അരുൺ നാരായണൻ, ദിലീഷ് പോത്തൻ, അനൂപ് കുമാർ എന്നിവർ ചേർന്ന് ആരംഭിച്ച വിതരണ കമ്പനി

ലോക, കളങ്കാവൽ, ബെത്ലഹേം കുടുംബ യൂണിറ്റ് എന്നിവയിലൂടെ വിതരണ രംഗത്ത് ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് മുന്നേറുന്നു. മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ചുരുങ്ങിയ കാലയളവിൽ തന്നെ ശ്രദ്ധേയമായ വിതരണശക്തിയായി മാറുകയാണ്. തമിഴ്നാട്ടിൽ മലയാള സിനിമകളുടെ വിതരണം എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ആദ്യ ചിത്രം ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’ ആയിരുന്നു. തുടർന്ന് ഷെയ്ൻ നിഗം നായകനായ ‘ബള്‍ട്ടി’യിലൂടെ തമിഴ്നാട് വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കിയ ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് മലയാള സിനിമകൾക്ക് കേരളത്തിന് പുറത്തും മികച്ച സ്വീകാര്യത നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം വ്യാപിപ്പിച്ചു.

നിർമ്മാതാവും നടനുമായ അരുൺ നാരായണൻ, നടനും സംവിധായകനുമായ ദിലീഷ് പോത്തൻ, ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസിന് തുടക്കം കുറിച്ചത്. മലയാള സിനിമകളുടെ വിതരണത്തിന് പുതിയ വിപണികൾ കണ്ടെത്തുകയും കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിലേക്ക് മികച്ച മലയാള ചിത്രങ്ങളെ എത്തിക്കുകയും ചെയ്യുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. തമിഴ്നാട്ടിൽ മാത്രം ഒതുങ്ങാതെ, കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ മലയാള സിനിമകളുടെ വിതരണവും ഏറ്റെടുക്കുകയാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്. ഇതിനോടകം തന്നെ കമ്പനിയുടെ വിതരണത്തിലെത്തിയ ചിത്രങ്ങൾക്ക് ലഭിച്ച പ്രതികരണം ഈ ലക്ഷ്യത്തിന് കരുത്തേകുന്നു.

കഴിഞ്ഞ ഓണത്തിന് എത്തിയ, ദുൽഖർ സൽമാൻ നിർമ്മിച്ച ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’, അതിന് പിന്നാലെ എത്തിയ

മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ എന്നിവ തമിഴ്നാട്ടിൽ ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ് വിതരണം ചെയ്തത്. ‘കളങ്കാവൽ’, ‘ലോക’ എന്നീ ചിത്രങ്ങൾക്ക് ശേഷം, ഇപ്പൊൾ ഈ ഓണത്തിന് നിവിൻ പോളി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് വിതരണം ചെയ്യുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ 4 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന മേഖലകളിലെ വിതരണം ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ് നിർവഹിക്കുന്നത്.

ഇതോടെ മലയാള സിനിമയുടെ കേരളത്തിന് പുറത്തുള്ള വിതരണ രംഗത്ത് തുടർച്ചയായ വിജയങ്ങളിലൂടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ നേട്ടം സ്വന്തമാക്കുകയാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്. മലയാള സിനിമകൾക്ക് കേരളത്തിന് പുറത്തുള്ള വിപണികളിൽ കൂടുതൽ സാധ്യതകൾ തുറന്നുകൊടുക്കുകയും മികച്ച സിനിമകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് സ്ഥാപനം. മലയാള സിനിമയുടെ വളർച്ച കേരളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കും വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് മലയാള സിനിമയുടെ ദേശീയ വിതരണ ശൃംഖലയിലെ പുതിയൊരു ശക്തിയായി മാറാനുള്ള ഒരുക്കത്തിലാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Onam 2026