ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം 'ലോക' ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. തിയേറ്ററുകളിൽ 50 ദിവസം പ്രദർശിപ്പിച്ച ശേഷമാണ് ഒടിടിയിൽ എത്തുന്നത്.
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക'യുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികൾ. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബർ 31 മുതാലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെ എത്തിയ ലോക ഇതുവരെ 300 കോടി കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. കല്യാണി പ്രിയദർശനൊപ്പം, നസ്ലെൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി, തുടങ്ങിയവരും, കാമിയോ വേഷത്തിൽ ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരും ചിത്രത്തിലെത്തിയിരുന്നു.
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ
അതേസമയം മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രമെന്ന ഖ്യാതിയോടെയാണ് ലോക എത്തിയത്. അഞ്ച് ഭാഗങ്ങളുള്ള ഫിലിം ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ചാപ്റ്റർ 1 ചന്ദ്ര. ടൊവിനോ തോമസ് ചാത്തനായി എത്തുന്ന രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിട്ടുള്ളത്. അൻപത് ദിവസങ്ങളോളം തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തിയ ശേഷമാണ് ലോക ഒടിടിയിലേക്കെത്തുന്നത്.



