വലിയ ഹൈപ്പൊന്നും ഇല്ലാതെ എത്തി ചരിത്രവിജയം നേടിയ ഫാന്റസി ചിത്രമാണ് 'ലോക ചാപ്റ്റർ 1 ചന്ദ്ര'. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സിനിമ, കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രം 300 കോടിയിലധികം കളക്ഷൻ നേടി.

ലിയ പ്രീ റിലീസ് ഹൈപ്പൊന്നും ഇല്ലാതെ എത്തി മലയാള സിനിമയിൽ ചരിത്രം കുറിച്ച ചിത്രം. അതാണ് ഇന്ന് ലോക ചാപ്റ്റർ 1 ചന്ദ്ര. മലയാള സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ചിത്രത്തിന്റെ കുതിപ്പ് മുൻവിധികളെ മാറ്റി മറിച്ചു കൊണ്ടായിരുന്നു. ആദ്യദിനം ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മസ്റ്റ് വാച്ച് പടം എന്ന ലേബലണിഞ്ഞ ചിത്രം കള്ളിയങ്കാട്ട് നീലി എന്ന മിത്തിരി ആസ്പദമാക്കി ആയിരുന്നു ഒരുങ്ങിയത്. കല്യാണി പ്രിയദർശൻ നീലി എന്ന ചന്ദ്രയായി എത്തിയ ലോക സംവിധാനം ചെയ്തത് ഡൊമനിക് അരുൺ ആണ്. സൂപ്പർ ഹീറോ ചിത്രത്തിന് പണം മുടക്കിയത് മലയാളത്തിന്റെ സ്വന്തം താരം ദുൽഖർ സൽമാനും. പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ലോക ഒടുവിൽ 300 കോടി ക്ലബ്ബിലും എത്തി.

2025 ഓ​ഗസ്റ്റ് 28ന് ആയിരുന്നു ലോക ചാപ്റ്റർ 1 ചന്ദ്ര തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ ചിത്രം മിന്നും പ്രകടനം കാഴ്ചവച്ചു. 2.65 ആയിരുന്നു ലോകയുടെ ആദ്യദിന കളക്ഷൻ. പിന്നീടുള്ള ഓരോ ദിവസവും കളക്ഷനിൽ വെന്നിക്കൊടി പാറിക്കാൻ കല്യാണിയുടെ പടത്തിനായി. ഒരുദിവസം മാത്രം 54 കോടി ചിത്രം നേടിയിട്ടുണ്ട്. അൻപതും നൂറും ഇറുന്നൂറും കോടി ക്ലബ്ബുകൾ അനായാസം ചവിട്ടിക്കയറിയ ലോക റിപ്പീറ്റ് വാല്യു പടം കൂടിയായി മാറി. കണ്ടവർ തന്നെ വീണ്ടും വീണ്ടും സിനിമ കണ്ടു. ഇന്നിതാ 50 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ലോക. ഇതിന്റെ സന്തോഷം ദുൽഖർ സൽമാൻ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബർ 13ന് ആയിരുന്നു ലോക ചാപ്റ്റർ 1 ചന്ദ്ര 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 301.45 കോടിയാണ് ലോക നേടിയിരിക്കുന്നത്. ഇന്ത്യ നെറ്റ് 155.25 കോടി, ഇന്ത്യ ​ഗ്രോസ് 181.85 കോടി, ഓവർസീസ്‍ 119.6 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

അഞ്ച് ഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. രണ്ടാം ഭാ​ഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചാത്തന്റെ കഥയാണ് ചിത്രം പറയുക. കല്യാണി പ്രിയദർശനൊപ്പം നസ്ലൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും പ്രധാന റോളുകളിൽ എത്തിയിരുന്നു. ഒപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരുടെ ​ഗസ്റ്റ് അപ്പിയറൻസും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്