ലോകേഷിന്‍റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാവുന്ന ചിത്രം

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. സൂപ്പര്‍താരങ്ങളുടെ താരമൂല്യത്തെ പുതുകാലത്തിന്‍റെ അഭിരുചികള്‍ക്കനുസരിച്ച് അവതരിപ്പിക്കാന്‍ സാധിക്കുന്നിടത്താണ് ലോകേഷിന്‍റെ വിജയം. കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ ലിയോയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. രജനികാന്ത് ആണ് നായകന്‍. ലോകേഷിന്‍റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാവുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഛായാഗ്രാഹകനെ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.

മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് കൂലി ചിത്രീകരിക്കുക. ഒരു ലോകേഷ് ചിത്രത്തിന് ഗിരീഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രണ്ടാം തവണയാണ്. കമല്‍ ഹാസന്‍ നായകനായ വിക്രം ചിത്രീകരിച്ചത് ഗിരീഷ് ആയിരുന്നു. കോളിവുഡില്‍ അദ്ദേഹത്തിന്‍റെ നാലാമത്തെ ഫീച്ചര്‍ ചിത്രവുമാവും കൂലി. വിക്രം കൂടാതെ എ ആര്‍ മുരുഗദോസിന്‍റെ വിജയ് ചിത്രം സര്‍ക്കാറും ബിജോയ് നമ്പ്യാരുടെ ദുല്‍ഖര്‍ ചിത്രം സോളോയും ചിത്രീകരിച്ചത് ​ഗിരീഷ് ആയിരുന്നു. 

സമീര്‍ താഹിറിന്‍റെ സംവിധാനത്തിലെത്തിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് ​ഗിരീഷ് ​ഗം​ഗാധരന്‍ സ്വതന്ത്ര ഛായാ​ഗ്രാഹകന്‍ ആവുന്നത്. സമീറിന്‍റെ തന്നെ കലി, ജോണ്‍പോള്‍ ജോര്‍ജിന്‍റെ ​ഗപ്പി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, ജല്ലിക്കട്ട്, ടിനു പാപ്പച്ചന്‍റെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ തുടങ്ങിയവയാണ് ശ്രദ്ധേയ വര്‍ക്കുകള്‍. തെലുങ്കില്‍ മാജിക് എന്ന ചിത്രവും വിജയ് ദേവരകൊണ്ട നായകനാവുന്ന മറ്റൊരു ചിത്രവും ​ഗിരീഷിന്‍റെ ഛായാ​ഗ്രഹണത്തില്‍ വരാനുണ്ട്. 

ALSO READ : ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാന്‍ സിനിമാ നിർമ്മാതാക്കള്‍; ഫെഫ്‍കയ്ക്ക് കത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം