ലിയോയുടെ ആ രഹസ്യം വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ്.
ലിയോയ്‍ക്കായുള്ള കാത്തിരിപ്പിലാണ് വിജയ്‍യുടെ ആരാധകര്‍. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനാകുമ്പോള്‍ വമ്പൻ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ട്രെയിലറും ആ പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്നതാണ്. ട്രെയിലറിന്റെ ദൈര്‍ഘ്യം സംബന്ധിച്ചുള്ള രഹസ്യത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
രണ്ട് മിനിറ്റും 43 സെക്കൻഡുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. രണ്ട് മണിക്കൂറും 43 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. സിനിമ യഥാര്‍ഥത്തില്‍ എന്തെന്ന് പ്രതിഫലിപ്പിക്കുന്നതിനാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം 2.43 എന്ന ക്രമത്തില്‍ ആക്കിയതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ബിഹൈൻഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ വെളിപ്പെടുത്തല്‍.
ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നാണ്. തൃഷയാണ് വിജയ്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായിക. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിജയ്‍യുടെ നായികയാകുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.
യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കും ലിയോ എന്ന് നേരത്തെ ബാബു ആന്റണി വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിരുന്നു. ആക്ഷൻ നായകൻ എന്ന നിലയില്‍ താരത്തെ ഉപയോഗപ്പെടുത്തുന്നു. വിജയ്‍ക്കൊപ്പം മികച്ച ഒരു രംഗത്തില്‍ താനും ഉണ്ടെന്നും ബാബു ആന്റണി വ്യക്തമാക്കിയിരുന്നു.
Read More: പൈലറ്റായി വിസ്‍മയിപ്പിക്കുന്ന കങ്കണ, തേജസ് ട്രെയിലര്‍ പുറത്ത്
