അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലോകേഷ് അഭിനയിക്കുന്നത്

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ടാണ് ലോകേഷ് പ്രേക്ഷകാംഗീകാരം നേടിയെടുത്തത്. സിനിമയിലെ ചെറിയ അതിഥി വേഷങ്ങളിലും ഒരു മ്യൂസിക് വീഡിയോയിലും അഭിനേതാവായും ലോകേഷ് എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം നായകനായും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ക്യാപ്റ്റന്‍ മില്ലര്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലോകേഷ് നായകനായി അരങ്ങേറുക. ഇപ്പോഴിതാ അതിന് മുന്നോടിയായി ആയോധനകലയില്‍ പരിശീലനം നേടാന്‍ അദ്ദേഹം തായ്‍ലന്‍ഡില്‍ എത്തിയിരിക്കുകയാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

കൂലിയാണ് ലോകേഷിന്‍റെ സംവിധാനത്തില്‍ അടുത്തതായി പുറത്തെത്താനിരിക്കുന്ന ചിത്രം. കൂലിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കൊപ്പമാണ് നായക അരങ്ങേറ്റത്തിനായുള്ള ലോകേഷിന്‍റെ തയ്യാറെടുപ്പുകളും. കൂലിക്ക് ശേഷം താന്‍ നായകനാവുന്ന ചിത്രമാവും ലോകേഷ് പൂര്‍ത്തിയാക്കുക. അതിന് ശേഷം കാര്‍ത്തി നായകനാവുന്ന കൈതി 2 സംവിധാനം ചെയ്യും. കൈതിക്ക് ശേഷം ബോളിവുഡ് താരം ആമിര്‍ ഖാന്‍ നായകനാവുന്ന ചിത്രമാവും ലോകേഷ് സംവിധാനം ചെയ്യുക.

അതേസമയം ലോകേഷ് കനകരാജ് കരിയറില്‍ ആദ്യമായി രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കൂലി. ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കോളിവുഡില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രവുമാണിത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ് എന്നിങ്ങനെ വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്നുള്ളവരാണ് ചിത്രത്തില്‍ രജനിക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ഇതിലൂടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. കൊയ്‍‍മൊയ്‍യുടെ തന്നെ കണക്ക് പ്രകാരം ജയിലറിന്‍റെ ഒടിടി റൈറ്റ്സ് 100 കോടി ആയിരുന്നു. ഇതും ആമസോണ്‍ പ്രൈം വീഡിയോ ആണ് സ്വന്തമാക്കിയിരുന്നത്.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News