സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ 'ലവ് ആന്‍ഡ് വാര്‍' അവസാനഘട്ട ചിത്രീകരണത്തിലേക്ക്.
തന്‍റേതായ കഥ പറച്ചില്‍ രീതി കൊണ്ടും ബിഗ് സ്കെയില്‍ ദൃശ്യാഖ്യാനങ്ങള്‍ കൊണ്ടും വലിയ ആരാധകരെ നേടിയിട്ടുള്ള ബോളിവുഡിലെ സീനിയര്‍ സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി. അദ്ദേഹത്തിന്‍റെ പുതിയ ചിത്രങ്ങള്‍ക്കായി അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ എപ്പോഴും കാത്തിരിപ്പും ഉണ്ടാവാറുണ്ട്. പുതിയ ചിത്രമായ ലവ് ആന്‍ഡ് വാറിനെ സംബന്ധിച്ച് ആ കാത്തിരിപ്പ് അല്‍പം കൂടുതലാണ്. ചിത്രത്തിന്‍റെ താരനിരയും കാന്‍വാസിന്‍റെ വലിപ്പവുമാണ് അതിന് കാരണം. ബോളിവുഡ് യുവനിരയിലെ ഏറ്റവും വില പിടിച്ച താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്‍ബീര്‍ കപൂറും അലിയ ഭട്ടും വിക്കി കൗശലും. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലേറ്റസ്റ്റ് അപ്ഡേറ്റുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
സഞ്ജയ് ലീല ബന്‍സാലിക്ക് ഏറെ താല്‍പര്യമുള്ള പിരീഡ് ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇതും. ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തിലേക്ക് ചിത്രം എത്തിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓഗസ്റ്റ് അവസാനത്തിന് മുന്‍പ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പ്ലാന്‍ എന്നാണ് അറിയുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് ചിത്രം പിന്നീട് കടക്കും. ബോളിവുഡിലെ ഏറ്റവും മികച്ച യുവതാരനിര അണിനിരക്കുന്ന ചിത്രമായതിനാല്‍ത്തന്നെ അവരുടെ ഷെഡ്യൂള്‍ കൃത്യമായി പാലിക്കാനുള്ള സമ്മര്‍ദ്ദം സംവിധായകന് ഉണ്ട്. അവസാന ഷെഡ്യൂളിനായി രണ്‍ബീര്‍ കപൂറും അലിയ ഭട്ടും വിക്കി കൗശലും ഓഗസ്റ്റ് മാസമാണ് മാറ്റിവച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ മധ്യത്തോടെ താന്‍ നായകനാവുന്ന രാമായണ പാര്‍ട്ട് 1 ന്‍റെ പ്രൊമോഷണല്‍ പരിപാടികളുടെ തിരക്കിലേക്ക് രണ്‍ബീര്‍ എത്തും. അതിനാല്‍ത്തന്നെ ലവ് ആന്‍ഡ് വാറിന്‍റെ അവശേഷിക്കുന്ന ഭാഗം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുക സഞ്ജയ് ലീല ബന്‍സാലിയെ സംബന്ധിച്ച് അത്യാവശ്യമാണ്. ഫൈനല്‍ ഷെഡ്യൂളിനായി കൃത്യവും സമഗ്രവുമായ പ്ലാന്‍ ആണ് സംവിധായകന്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധ രംഗങ്ങളില്‍ 50 സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളും 300 മുതല്‍ 500 വരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ആയിരിക്കും പങ്കെടുക്കുക. യുദ്ധരംഗങ്ങളുടെ ചിത്രീകരണത്തിനായി മാത്രം 10 ദിവസത്തെ റിഹേഴ്സലും സഞ്ജയ് ലീല ബന്‍സാലി പ്ലാന്‍ ചെയ്തിട്ടുണ്ട്. 2027 ജനുവരി 21 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വാര്‍ ഡ്രാമയും ത്രികോണ പ്രണയവും ചേര്‍ന്ന പ്ലോട്ട് ആയിരിക്കും ലവ് ആന്‍ഡ് വാറിന്‍റേതെന്നാണ് കരുതപ്പെടുന്നത്.



