വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന സിരീസ്

മലയാളത്തില്‍ ഏറ്റവുമധികം വെബ് സിരീസുകള്‍ എത്തിയിട്ടുള്ള പ്ലാറ്റ്‍ഫോം ആണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. കേരള ക്രൈം ഫയല്‍സും പേരില്ലൂര്‍ പ്രീമിയര്‍ ലീഗും മാസ്റ്റര്‍പീസും നാഗേന്ദ്രന്‍സ് ഹണിമൂണ്‍സും 1000 ബേബീസുമൊക്കെ ആ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴിതാ ഹോട്ട്സ്റ്റാറിന്‍റെ മറ്റൊരു മലയാളം സിരീസും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന സിരീസ് ആണ് അത്. ചിത്രം ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്ലാറ്റ്‍ഫോം അറിയിച്ചിട്ടുണ്ട്.

നീരജ് മാധവ്, അജു വര്‍ഗീസ്, ഗൌരി ജി കിഷന്‍ എന്നിവരാണ് സിരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത്ത് ആണ് സിരീസ് നിര്‍മ്മിച്ചിരിക്കുന്നത്. ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരും സിരീസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിരീസിന്‍റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു. വാശി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിഷ്ണു രാഘവ്. 

ഹോട്ട്സ്റ്റാറിലെ സിരീസുകളായ കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയില്‍ അജു വര്‍ഗീസ് നേരത്തെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അതേസമയം രജപുത്ര വിഷ്വല്‍ മീഡിയയുടെ നിര്‍മ്മാണത്തില്‍ ഒരു ശ്രദ്ധേയ സിനിമയും പുറത്തെത്താനുണ്ട്. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രമാണ് അത്. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായാണ് അഭിനയിക്കുന്നത്. 

ALSO READ : അര്‍ജുന്‍ അശോകന്‍ നായകന്‍; 'അൻപോട് കണ്‍മണി' നാളെ മുതല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം