പ്രേക്ഷകര്‍ക്കിടയില്‍ ഏറെനാളത്തെ കാത്തിരിപ്പുള്ള സിനിമ 'ലൂസിഫറി'ന്റെ സെന്‍സറിംഗ് നാളെ. ഫേസ്ബുക്ക് ഹൈദരാബാദ് ഓഫീസില്‍ നിന്നുള്ള മോഹന്‍ലാലിന്റെ സര്‍പ്രൈസ് ഫേസ്ബുക്ക് ലൈവില്‍ ചെന്നൈയില്‍ നിന്ന് പങ്കെടുത്താണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. ഒരു മോഹന്‍ലാല്‍ ആരാധകന്‍ എന്ന നിലയില്‍ താന്‍ ആവേശഭരിതനാണെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ താന്‍ പ്രതീക്ഷിച്ചതിലും ഗംഭീരമായിരുന്നു ലൂസിഫര്‍ എന്ന് മോഹന്‍ലാല്‍ മറുപടി പറഞ്ഞു.

ലൂസിഫറിന്റെ ആദ്യദിന ചിത്രീകരണത്തിന് മോഹന്‍ലാല്‍ എത്തിയ ഓര്‍മ്മയും പൃഥ്വി ലൈവില്‍ പങ്കുവച്ചു. 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ടിന് ലാലേട്ടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. സാര്‍, ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതുകേട്ട് ഞാന്‍ അമ്പരന്നു. അടുത്തുനിന്ന മുരളി ഗോപിയുടെ ചെവിയില്‍ ഞാന്‍ ചോദിച്ചു, എന്നെ ടെസ്റ്റ് ചെയ്യുകയാണോ എന്ന്.' പൃഥ്വിരാജ് പറഞ്ഞു. ചിത്രം ലോകമെമ്പാടുമുള്ള 1500ല്‍ അധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് ലൈവിലെത്തിയ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്റോയ് ആണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്.