മലയാളസിനിമാപ്രേമികളില്‍ അടുത്തകാലത്ത് ഏറ്റവുമധികം പ്രതീക്ഷയുണര്‍ത്തിയ ചിത്രമായിരുന്നു 'ലൂസിഫര്‍'. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ യുഎസ്പി. ടൊവീനോ, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങി താരനിരയുടെ ബാഹുല്യവും പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ നേടിയെടുക്കാന്‍ കാരണമായി. സിനിമകളുടെ പരസ്യത്തിന് നാനാവിധ മാര്‍ഗ്ഗങ്ങളുള്ള കാലത്ത് ശ്രദ്ധാപൂര്‍വ്വമായിരുന്നു അണിയറക്കാരുടെ പ്രീ-റിലീസ് പബ്ലിസിറ്റി. പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രമെന്നും ഒരു സാധാരണ സിനിമയെന്നും ഒക്കെ മാത്രമാണ് ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ് ഇതുവരെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ റിലീസ്ദിനത്തില്‍ വലിയ മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് മുന്‍നിശ്ചയപ്രകാരമുള്ള പ്രദര്‍ശനങ്ങളില്‍ മിക്കതും ഹൗസ്ഫുള്‍ ആയതോടെ പ്രേക്ഷകാഭ്യര്‍ഥന മാനിച്ച് ഇന്ന് രാത്രിയും വെള്ളിയാഴ്ച രാവിലെയുമൊക്കെയായി പല തീയേറ്ററുകാരും സ്‌പെഷ്യള്‍ ഷോകളും ചാര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സെന്ററില്‍ ഇന്ന് ഇനിയുള്ള 51 പ്രദര്‍ശനങ്ങളില്‍ 23 ഷോകള്‍ ഇതിനകം ഹൗസ്ഫുള്‍ ആണ്. അവശേഷിക്കുന്ന പ്രദര്‍ശനങ്ങളില്‍ പലതിലും നാമമാത്രമായ ടിക്കറ്റുകളാണ് അവശേഷിക്കുന്നത്. കേരളത്തിലെ പ്രധാന സെന്ററുകളിലെല്ലാം ആദ്യദിനത്തിലെ സ്ഥിതി ഇതുതന്നെയാണ്. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. അതില്‍ പല പ്രമുഖ കേന്ദ്രങ്ങളിലും രാവിലെ 7ന് ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. സിനിമാപ്രേമികളില്‍ നല്ലൊരുവിഭാഗം കാത്തിരുന്ന ലൂസിഫറിന്റെ ഫസ്റ്റ് ഷോ അഭിപ്രായങ്ങള്‍ ആദ്യ പ്രദര്‍ശനത്തിന്റെ ഇന്റര്‍വെല്‍ സമയത്തുതന്നെ ഫേസ്ബുക്കില്‍ എത്തിത്തുടങ്ങി. സിനിമാഗ്രൂപ്പുകള്‍ തയ്യാറാക്കിയ ഒഫിഷ്യല്‍ റിവ്യൂ ത്രെഡ്ഡുകളിലും സ്വന്തം അക്കൗണ്ടുകളിലും ആദ്യ ഷോയുടെ കാണികള്‍ അഭിപ്രായമിട്ടതില്‍ ഏറെയും പോസിറ്റീവ് ആയിരുന്നു. ഏറെക്കാലത്തിന് ശേഷം ആരാധകര്‍ക്ക് കൊണ്ടാടാനുള്ള മോഹന്‍ലാല്‍ ചിത്രമെന്നും സാങ്കേതിക നിലവാരമുള്ള മാസ് ചിത്രമെന്നുമൊക്കെ പൊതുഅഭിപ്രായം വന്നതോടെ ബുക്ക് മൈ ഷോ അടക്കമുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ കൂടുതല്‍ പ്രേക്ഷകര്‍ ടിക്കറ്റിനായി എത്തി. 

പ്രേക്ഷകരുടെ അഭൂതപൂര്‍വ്വമായ തിരക്കിനെ തുടര്‍ന്ന് ആലക്കോട് ഫിലിം സിറ്റിയില്‍ ഇന്ന് രാത്രി 10.30ന് സ്‌പെഷ്യല്‍ ഷോ സജ്ജീകരിച്ചിട്ടുണ്ട്. നല്ലില ജെബി സിനിമാസ്, പുനലൂര്‍ രാംരാജ് മൂവീസ്, കഴക്കൂട്ടം എച്ച്‌കെ സിനിമാസ്, തലയോലപ്പറമ്പ് കാര്‍ണിവല്‍ സിനിമാസ്, മാപ്രാണം വര്‍ണ സിനിമാസ്, ചാലക്കുടി ഡി സിനിമാസ് തുടങ്ങിയവ ഇന്ന് പ്രത്യേക പ്രദര്‍ശനങ്ങള്‍ ഏര്‍പ്പെടുത്തിയ തീയേറ്ററുകളില്‍ ചിലതാണ്.