Asianet News MalayalamAsianet News Malayalam

ശകാരിച്ചവര്‍ ഒരിക്കലെങ്കിലും അദ്ദേഹത്തെ കാണണം, മനുഷ്യത്വം അനുഭവിച്ചറിയണം; കുറിപ്പ്

ശകാരിച്ചവരും വിഡിയോ ലൈവിട്ടവരും ഒരിക്കലെങ്കിലും അദ്ദേഹത്തെ പോയി കാണണം. അനുഭവിച്ചറിയണം. മനുഷ്യത്വം എന്താണന്നും, അനുഭവിച്ചറിയണം, ഒടുവിൽ ഫോട്ടോ എടുത്തു കെട്ടിപ്പിടിച്ചു ഞങ്ങൾക്കു മുത്തം നൽകി പിരിയുമ്പോൾ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു- സംവിധായകൻ അനില്‍ രാധാകൃഷ്‍ണ മേനോനെ കുറിച്ച് കുറിപ്പ്.

Luckman Ul Hakkim writes about director Anil Radhakrishna Menon
Author
Palakkad, First Published Feb 11, 2020, 9:01 PM IST

ആദ്യ സിനിമകൊണ്ടുതന്നെ ശ്രദ്ധേയനായ സംവിധായകൻ അനില്‍ രാധാകൃഷ്‍ണ മേനോന് എതിരെ അടുത്തകാലത്ത് സാമൂഹ്യമാധ്യമത്തില്‍ വലിയ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ അനില്‍ രാധാകൃഷ്‍ണ മേനോന്റെ ലാളിത്യത്തെയും ആതിഥേയ മര്യാദയെയും കുറിച്ച് ഒരു പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മതവും ജാതിയും രാഷ്‍ട്രീയവും കൂട്ടിക്കുഴച്ച ആശങ്കയിലായിരുന്നു പോയിരുന്നത്. എന്നാല്‍ അനില്‍ രാധാകൃഷ്‍ണ മേനോനെ കണ്ടുകഴിഞ്ഞപ്പോള്‍ ആ ധാരണയെല്ലാം മാറി. സംവിധായകൻ എന്നതിലുമപ്പുറം അനിൽ രാധാകൃഷ്‍ണ മേനോൻ എന്ന വ്യക്തിയെ തിരിച്ചറിയാത്തവർക്കുള്ള എഴുത്താണ് എന്നും ലുക്കുമാനുൽ ഹക്കീം എന്ന പ്രേക്ഷകൻ പറയുന്നു.

ലുക്കുമാനുൽ ഹക്കീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആ  തണലിൽ ഇത്തിരി നേരം

ഞങ്ങളുടെ ഷോര്‍ട് ഫിലിം ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് അനുമതിക്കായി എന്റെ സുഹൃത്ത് വിഷ്‍ണു രാജും (ആൾക്കൂട്ടത്തിൽ ഒരുവൻ അസോസ്സിയേറ്റ് ഡയറക്ടർ ) അനിൽ രാധാകൃഷ്‍ണ മേനോൻ സാറിനെ വിളിച്ചു, ഞങ്ങളോടു വിട്ടീലേക്ക് വരൂ സ്ഥലവും പറഞ്ഞു ഫോൺ കട്ട് ചെയ്‍തു. ഒരു സംവിധായകനിൽ നിന്നു വീട്ടിലേയ്ക്കു വരൂ എന്ന ഡയലോഗ് വിചാരിച്ചിരുന്നില്ല.

മനസ്സിൽ ഞങ്ങളുടെ മതവും, ജാതിയും, രാഷ്ട്രീയവും കൂട്ടി കുഴച്ച തെല്ല് ആശങ്കയിൽ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. വീടിന്റെ മുൻവശത്തെ കോളിങ് ബെല്ല് അമർത്തുന്നതിനു മുമ്പ് തന്നെ ഒരു പുഞ്ചിരിയോടെ ഡ്രൈവർ വീടിന്റെ വാതിൽ  തുറന്നുവന്ന് വിവരങ്ങൾ സന്തോഷപൂർവം തിരക്കി, ഞങ്ങളോടു ഇരിക്കാൻ പറഞ്ഞു. (സാധാരണ സംവിധായകരെ കാണാൻ പോയാൽ ഡ്രൈവറും അസിസ്റ്റന്റും പൊലീസ് സ്റ്റേഷനിൽ എത്തിയ സാധരണക്കാരോട് കോൺസ്റ്റബിൾസ് സംസാരിക്കുന്ന രീതി ഞങ്ങൾ ഓർത്തു ) ഭാഗ്യം അതുണ്ടായില്ല എന്നു മാത്രമല്ല ഞങ്ങൾക്ക് വിജയാശംസകൾ നേരുകയും ചെയ്‍തു.

വലിയ ഒരു പോസിറ്റീവ് എനർജി ഞങ്ങൾക്കു കിട്ടി, ഞങ്ങൾ കസേരയിൽ ഇച്ചിരി വിറയലോടു കൂടി പരസ്‍പരം സംസാരിക്കാതെ ഇരിക്കുമ്പോൾ പൊടുന്നനെ ഡോർ തുറന്നു പേരുവിളിച്ചു കൊണ്ടു സുമുഖനായ ആ മനുഷ്യൻ കൈ തന്നു ഞങ്ങളെ കോലായിൽ പിടിച്ചു ഇരുത്തി, വളരെക്കാലം പരിചയമുള്ള വ്യക്തിയെപോലെ സാർ, സംസാരിച്ചു തുടങ്ങി.

സാറിന്റെ അമ്മയെ വിളിച്ചു ഞങ്ങളെ പരിചയപ്പെടുത്തി. ജ്യൂസും ആ അമ്മയുടെ കൈകൊണ്ടു തന്നു. ഞങ്ങൾ അതു കുടിക്കുമ്പോഴും ഒരു മലയാളി എന്നുള്ള രീതിയിൽ വല്ലാത്ത കുറ്റബോധം മനസ്സിനെ വേട്ടയാടി.

കാരണം ആ അമ്മ ആണല്ലൊ ചെയ്യാത്ത തെറ്റിനു തെറികൾ കേൾക്കേണ്ടി വന്നത്, പിന്നീട് ഞങ്ങൾ ഫ്രീസായ അവസ്ഥ. സാർ സംസാരം ആരംഭിച്ചു, രാഷ്ട്രീയം, സാമൂഹികം, രാജ്യാന്തര സിനിമകൾ, വിവാദ സഹചര്യം, മലയാള സിനിമ ലോകം മാറ്റങ്ങൾ, ചെയ്യേണ്ടത്, സഖാവ് ഇഎംഎസ് ഉള്ള സദസ്സിൽ പ്രോഗ്രാം ചെയ്‍തത്, അങ്ങനെ ഒരിപിടി കാര്യങ്ങൾ.

പതിയെ ഒരു ബ്രദറിനെ പോലെ കുടുംബ കാര്യങ്ങൾ അന്വേഷിച്ചു, മകളുടെ ഫോട്ടോ കാണിച്ചു തരാൻ ആവശ്യപ്പെട്ടു, നാം ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങൾ ഉപദേശങ്ങൾ. അങ്ങനെ ഒരിക്കലും അവിടെ നിന്നു എണീറ്റു പോകാൻ തോന്നാത്ത വിധം അദ്ദേഹം സംസാരിച്ചു. സാമൂതിരി രാജകുടുംബത്തിന്റെ സ്നേഹവും പരിളാലനവും ഞങ്ങൾ അനുഭവിച്ചു. ഞങ്ങളോടു അദ്ദേഹം ഓർമിപ്പിച്ചു നിങ്ങൾ ഇരുന്ന കസേരയിൽ ഫഹദും, ആസിഫും , പൃഥ്വിരാജും ,അങ്ങിനെ പല പ്രമുഖരും ഇരുന്ന സീറ്റാണ്, അദ്ദേഹത്തിന്റെ പുതിയ പ്രൊജക്ടിന്റെ കഥ പറഞ്ഞു തന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണിച്ചു. അഭിപ്രായം ആരാഞ്ഞു, ഓരോ നിമിഷവും ഞങ്ങൾവേറെ ഏതോലോകത്തേക്ക് പോയി കൊണ്ടിരുന്നു. വന്ന കാര്യം മറന്നു ഒടുവിൽ അദ്ദേഹം തന്നെ അത് ഓർമിപ്പിച്ചു.

എന്റെ മനസ്സു ആവർത്തിച്ചു എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു, നമ്മുടെ സമൂഹം , എന്റെ യുവജന സംഘടന എറണാംകുളം ജില്ലാ കമ്മിറ്റി ഉൾപ്പെടെ എത്രമാത്രം അനീതി ആ മനുഷ്യ സ്നേഹിയോടും കുടുംബത്തിനോടും ചെയ്‍തു? തെറി വിളിച്ചവരും വിഡിയോ ലൈവിട്ടവരും ഒരിക്കലെങ്കിലും അദ്ദേഹത്തെ പോയി കാണണം. അനുഭവിച്ചറിയണം. മനുഷ്യത്വം എന്താണന്നും, അനുഭവിച്ചറിയണം, ഒടുവിൽ ഫോട്ടോ എടുത്തു കെട്ടിപ്പിടിച്ചു ഞങ്ങൾക്കു മുത്തം നൽകി പിരിയുമ്പോൾ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു.

മനസ്സില്ലാതെ ആ തണലിൽ നിന്നു ഞങ്ങൾപുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ, തെറി വിളിച്ചതിനു പ്രായശ്ചിത്തമായ ഒരാൾ സാറിനു നൽകിയ ഒരു മനോഹരമായ പട്ടി കുട്ടി നന്ദിയോടെ ഞങ്ങളെയും സാറിനെയും നോക്കുന്നുണ്ടായിരുന്നു. ഞാൻ അപ്പോൾ ആലോചിച്ചത് നാൽപ്പത് ദിവസം അനിൽ സാറുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു, ഉണ്ടുറങ്ങി നന്ദികേടു കാട്ടിയ മനുഷ്യനെ കുറിച്ചായിരുന്നു.  പ്രബുദ്ധർ എന്നു അവകാശപ്പെടുന്ന മലയാളികളെ തെറ്റിദ്ധരിപ്പിച്ച വരെ കുറിച്ച്. പട്ടി ഈസ് ദ് ബെസ്റ്റ്.

സ്നേഹപൂർവ്വം- ലുക്കുമാനുൽ ഹക്കീം

NB: പലരും ചോദിച്ചു നിങ്ങൾ ചാൻസ് ചോദിച്ചില്ലെ എന്ന്. മനുഷ്യത്വവും ജീവിതവും തിരിച്ചറിയുന്ന സ്ഥലത്ത് എന്ത് ചാൻസ്. ഇത് എഴുതിയത് അദ്ദേഹത്തിന്റെ സിനിമയിൽ കയറിപ്പറ്റാനുള്ള സൈക്കളോജിക്കൽ മൂവ് അല്ല, ഒരു അഭിനേതാവിനു ഒരാളുടെ സിനിമയിൽ മാത്രം ഇടംകിട്ടിയാൽ മികച്ച നടനാകും എന്നു വിശ്വസിക്കുന്ന ആളഅല്ല ഞാൻ എന്ന വ്യക്തി, ഇത് സംവിധായകൻ എന്നതിലുമപ്പുറം അനിൽ രാധാകൃഷ്‍ണ മേനോൻ എന്ന വ്യക്തിയെ തിരിച്ചറിയാത്തവർക്കുള്ള എഴുത്താണ്. അത്രമാത്രം നന്ദി.

 

Follow Us:
Download App:
  • android
  • ios