ഹൈദരാബാദ്: നെറ്റ്ഫ്ലിക്സിലൂടെ  ശ്രദ്ധ പിടിച്ചുപറ്റിയ ലസ്റ്റ് സ്റ്റോറീസിന്‍റെ തെന്നിന്ത്യന്‍ പതിപ്പില്‍ അമല പോളും പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന് വാര്‍ത്ത. തെലുങ്കിലാണ് ഈ വെബ് ചലച്ചിത്രം റീമേക്ക് ചെയ്യുന്നത്. ലസ്റ്റ് സ്റ്റോറീസിന്റെ ഹിന്ദി പതിപ്പില്‍ കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുക എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പടത്തിന്‍റ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ജഗപതി ബാബുവും അമലയ്ക്കൊപ്പം ഉണ്ടാകും എന്നാണ് സൂചന. ആര്‍.എസ്.വി.പിക്ക് വേണ്ടി റോണി സ്‌ക്രൂവാലയാണ് സിനിമ നിര്‍മ്മിക്കുന്നത്. നന്ദിനി റെഡ്ഡിയാണ് അമല അഭിനയിക്കുന്ന ഭാഗം സംവിധാനം ചെയ്യുന്നത്.  മറ്റു ഭാഗങ്ങള്‍ സങ്കല്‍പ്പ് റെഡ്ഡി, തരുണ്‍ ഭാസ്‌കര്‍, സന്ദീപ് റെഡ്ഡി വാന്‍ഗ എന്നിവരും സംവിധാനം ചെയ്യും. 

'സ്വാഭാവിക അഭിനയം, റിയലിസ്റ്റികായ പ്രകടനം, അനായാസമായി കഥാപാത്രമായി മാറാനുള്ള അമലയുടെ കഴിവ് എന്നിവ കണക്കിലെടുത്താണ് നന്ദിനി റെഡ്ഡി അമലയെ തെരെഞ്ഞെടുത്തത് എന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ പറയുന്നു. ഈ കഥാപാത്രം സ്വാഭാവികമായ പ്രകടനം ആവശ്യപ്പെടുന്നതിനാല്‍ അമലയെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. 

ഈ വേഷത്തിനായി അമലയെ സമീപിച്ചപ്പോള്‍ അമലയും ആവേശഭരിതയായിരുന്നുവെന്നാണ് ഈ പ്രോജക്ടിന്‍റെ  അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരായിരുന്നു ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി സിനിമയിലെ സംവിധായകര്‍. 

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സെഗ്മെന്റില്‍ ആയിരുന്നു കെയ്റ അദ്വാനി അഭിനയിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കെയ്റ അദ്വാനിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. ഇതിലെ ചില രംഗങ്ങള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. തന്‍റെ സെക്സ് ഫാന്‍റസികള്‍ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുന്ന ഒരു സ്കൂള്‍ ടീച്ചറുടെ വേഷമാണ് ഇതിലെ പ്രധാനകഥാപാത്രം.