"നല്ല ആസ്വാദനത്തെ കെട്ടിപ്പുണർന്നു സ്വീകരിച്ചിട്ടേ ഉള്ളൂ നമ്മൾ മലയാളികൾ എന്നും"

മലയാള സിനിമയില്‍ നിന്നുള്ള ഏറ്റവും പുതിയ റിലീസുകളായ രണ്ട് ചിത്രങ്ങള്‍ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ എം പത്മകുമാര്‍. ഷാഹി കബീര്‍ സംവിധാനം ചെയ്ത റോന്ത്, എസ് വിപിന്‍ സംവിധാനം ചെയ്ത വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നിവയാണ് പത്മകുമാര്‍ റിലീസ് ദിനത്തില്‍ തന്നെ കണ്ടത്. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെ..

എം പത്മകുമാറിന്‍റെ കുറിപ്പ്

ജൂൺ മാസത്തിലെ മഴ പെയ്തും തോർന്നും വീണ്ടും പെയ്തുമിരുന്ന ഒരു വെള്ളിയാഴ്ച, റിലീസ് ചെയ്ത രണ്ടു മലയാള ചിത്രങ്ങൾ കണ്ടു. രസനയുടെ രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിന്നു കൊണ്ടു കഥ പറഞ്ഞ രണ്ടു സിനിമകൾ. ഷാഹി കബീറിൻ്റെ 'റോന്തും' വിപിൻദാസ് നിർമ്മിച്ച് വിപിൻ സംവിധാനം ചെയ്ത 'വ്യസനസമേതം ബന്ധു മിത്രാദിക'ളും. രണ്ടു പോലീസുകാരുടെ ജീവിതത്തിലെ ഒരു രാത്രിജീവിതത്തിൻ്റെ ഇരുൾ വഴികളിലൂടെ സൂക്ഷ്മതയോടെ നമ്മളെ കൈ പിടിച്ചു കൊണ്ടു പോയി 'റോന്തി'ലൂടെ ഷാഹിയും ദിലീഷ് പോത്തനും റോഷൻ മാത്യുവും ചേർന്ന് എങ്കിൽ നമുക്കും ചുറ്റും നമ്മളെന്നും കാണുന്ന കുറെ പച്ച മനുഷ്യരെ മറയൊട്ടുമില്ലാതെ നിരത്തി നിർത്തിയും വസ്തുനിഷ്ഠമായ ചെറിയ നർമ്മങ്ങളും അതിലേറെ വലിയ സത്യങ്ങളും കൊണ്ടു വരച്ചെടുക്കുകയും ചെയ്ത ജീവിതത്തിൻ്റെ നേർചിത്രമായിരുന്നു, കുറച്ച് അഭിനേതാക്കളെയും അതിലേറെ യഥാർത്ഥ മനുഷ്യരെയും ഉപയോഗിച്ച് വിപിൻ പറഞ്ഞ ഒരു വീടിൻ്റെയും പരിസരത്തിൻ്റെയും ഒരു ദിവസത്തെ കഥ അല്ലെങ്കിൽ അനുഭവമായ, വ്യസന സമേതം ബന്ധുമിത്രാദികൾ'..

മലയാള സിനിമ അനുദിനം പുറകോട്ടാണെന്നു അലമുറയിടുന്നവർക്ക് വേണമെങ്കിൽ കാണാം, ഇന്ന് രാത്രിയിലെ രണ്ടാമത്തെ ഷോ കഴിഞ്ഞ് കയ്യടിച്ച്, കോരിച്ചൊരിയുന്ന മഴയിലും നിറഞ്ഞ മനസ്സുമായി തിയ്യേറ്റർ വിട്ടിറങ്ങിപോകുന്ന പ്രേക്ഷകസമൂഹത്തെ. നല്ല സിനിമകളെ, നല്ല വിഷയങ്ങളെ, നല്ല ആസ്വാദനത്തെ കെട്ടിപ്പുണർന്നു സ്വീകരിച്ചിട്ടേ ഉള്ളു നമ്മൾ മലയാളികൾ എന്നും. അതിന് ഇന്നത്തെ രാത്രിയും ഈ രണ്ടു സിനിമകളും തന്നെ ഏറ്റവും നല്ല ഉദാഹരണം.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News