തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മരണം ആരാധകരെയും താരങ്ങളെയും ഒരേപോലെ സങ്കടത്തിലാക്കി. കഴിഞ്ഞ ദിവസമായിരുന്നു സച്ചി അകാലത്തില്‍ വിടപറഞ്ഞത്. ഒരു ഞെട്ടലോടെയായിരിക്കും സച്ചിയുടെ വിയോഗ വാര്‍ത്ത എല്ലാവരും കേട്ടിട്ടുണ്ടാകുക. ഇപ്പോഴിതാ സച്ചിയുടെ വിയോഗത്തില്‍ കവിയും മാധ്യമപ്രവര്‍ത്തകനുമായ എം എസ് ബനേഷ് ഒരു കുറിപ്പുമായി എത്തിയിരിക്കുന്നു. കുറെക്കാലം കാണാതിരുന്ന ബന്ധമില്ലാതായതിനെ കുറിച്ച് പറയുന്നു. സ്‍കൂള്‍ തലം മുതല്‍ ഒരുമിച്ച് പഠിച്ചതിനെ കുറിച്ചുമാണ് പറയുന്നത്. കുറെനാളുകള്‍ കഴിഞ്ഞ് കണ്ടപ്പോള്‍ അധികം സംസാരിച്ചില്ല. എന്നാല്‍ അന്ന് രാത്രി സച്ചിയെ കുറിച്ച് അഗാധമായി ആലോചിച്ചു. നീയും എപ്പോഴെങ്കിലും എന്നെക്കുറിച്ചും ആലോചിച്ചിട്ടുണ്ടാവണം. അല്ലാത്തൊരാള്‍ക്ക് അയ്യപ്പനും കോശിയും പോലുള്ളൊരു സിനിമയെടുക്കാന്‍ കഴിയില്ല എന്നുമാണ് എം എസ് ബനേഷ് എഴുതിയിരിക്കുന്നത്.

എം എസ് ബനേഷിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

മരിക്കല്ലേ എന്ന് മനസ്സറിഞ്ഞ് വിചാരപ്പെട്ടത് നിന്നെക്കുറിച്ചായിരുന്നു. മരിച്ചു എന്ന് ഇപ്പോള്‍ അറിയുന്നു. കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്‍റ് ബോയ്‌സ് ഹൈസ്‌കൂളില്‍ ഞാന്‍ എ ഡിവിഷനിലും നീ മറ്റേതോ ഡിവിഷനിലും പഠിച്ചിരുന്നതിന്‍റെ ഓര്‍മ്മ കൊണ്ടല്ല. സത്യത്തില്‍ അന്ന് നിന്നെ ഞാന്‍ കണ്ടിട്ടേയില്ല. പിന്നെ, എസ്എന്‍എം കോളേജ് മാല്യങ്കരയില്‍ പ്രീഡിഗ്രിക്ക് 1987ല്‍ ഞാന്‍ സെക്കന്‍റ് ഗ്രൂപ്പില്‍ പഠിക്കാന്‍ ശ്രമിക്കുകയും നീ തേഡ് ഗ്രൂപ്പില്‍ പഠിക്കുകയും ചെയ്തപ്പോളാണ് നമ്മള്‍ പരസ്പരം അറിയുന്നത്. നീ അന്നും എന്നേക്കാള്‍ കട്ടിയുള്ള ഫ്രെഡറിക് നീത്‌ഷേ തരം മീശയില്‍ എന്നേക്കാള്‍ പരുഷതയോടെ നിന്നു. കവിതയായിരുന്നിരിക്കണം നമ്മെ ബന്ധിപ്പിച്ചത്.

അന്നും നീ, സച്ചിദാനന്ദനെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും ഒഎന്‍വിയെയും വിമര്‍ശിക്കുന്നുണ്ടായിരുന്നു. സാന്‍ഡ് പേപ്പറില്‍ ഉരയ്ക്കപ്പെടുന്നതുപോലുള്ള ഒരു ഘര്‍ഷണം നിന്നോടുള്ള ചേരലുകളില്‍ ഞാന്‍ അനുഭവിച്ചിരുന്നു. കോളേജില്‍ നീ സംവിധാനം ചെയ്ത നാടകത്തില്‍ ഞാന്‍ ആദ്യമായും അവസാനമായും അഭിനയിച്ചു. അതിന് സമ്മാനമൊന്നും കിട്ടിയില്ല. എന്‍റെയും മറ്റുള്ളവരുടെയും അഭിനയിക്കാനറിയായ്കകള്‍ കൊണ്ട്, തീര്‍ച്ചയായും.

കോളേജ് മാഗസിനില്‍, അന്ധകാരത്തിന്‍ കണ്‍മഷിച്ചെപ്പില്‍ എന്നു തുടങ്ങുന്ന ഒരു കവിത നീ എഴുതി. എന്‍റെ അക്കാല കവിതകളോട് നീ മമതയോ എതിര്‍പ്പോ കാണിച്ചില്ല. ശൃംഗപുരത്തെ നിന്‍റെ വീട്ടില്‍ ആ നാളുകളില്‍ ചില വൈകുന്നേരങ്ങളില്‍ ചില അവധി ദിവസങ്ങളില്‍ കവിതയാല്‍, കിടുക്കപ്പെട്ട് ഞാന്‍ വരാറുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ പുസ്‍തക പ്രസാധക സംഘത്തില്‍ നിന്ന് വാങ്ങിയ സാര്‍ത്രിന്‍റെ വിവര്‍ത്തന പുസ്‍തകവും കുടുംബം സ്വകാര്യസ്വത്ത് മൂലധനവും നിന്‍റെ മേശപ്പുറത്തുണ്ടായിരുന്നു. കര്‍ക്കശനായിരുന്നു നീ പല കാര്യങ്ങളിലും. പുച്ഛമാണോ നിന്‍റെ സ്ഥായീഭാവം എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു. പക്ഷേ നിന്‍റെ കണ്ണുകളില്‍ തിളക്കമുള്ള സ്ഫുലിംഗങ്ങളുണ്ടായിരുന്നു.

പരീക്ഷയെഴുതാതെ ഞാനും, ജയിച്ച് നീയും രണ്ട് ലോകങ്ങളിലേയ്ക്ക് മാറി. എറണാകുളം ലോ കോളേജില്‍ നീ എല്‍എല്‍ബിക്ക് ചേര്‍ന്നപ്പോളും ഞാന്‍ കണ്ടില്ല. തേഡ് ഗ്രൂപ്പ് പ്രൈവറ്റായി പഠിച്ച് ജയിച്ച്, ബിഎയും കഴിഞ്ഞ് മഹാരാജാസില്‍ ഞാന്‍ എംഎയ്ക്ക് ചേര്‍ന്നപ്പോഴും കണ്ടില്ല. ഓര്‍മ്മയില്‍ പക്ഷേ ഇടക്കിടെ കൂടെയുണ്ടായിരുന്നു. നിന്നെ ഞാനോ എന്നെ നീയോ തേടിയില്ല. സിനിമയില്‍ നീ ഒറ്റയ്ക്ക് നേടിയ തകര്‍പ്പന്‍ നേട്ടങ്ങളെ കവിതയിലെ അനാകര്‍ഷകവും വിജനവുമായ സ്ഥലത്തുനിന്ന് ഞാന്‍ സന്തോഷത്തോടെ നോക്കിക്കണ്ടു.

ജീവന്‍ടിവിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, അതേ കട്ടിമീശയുമായി നീ റണ്‍ ബേബി റണ്‍ സിനിമയുടെ ചിത്രീകരണത്തിന് സ്റ്റുഡിയോ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചുവന്നു. അപ്പോഴേക്കും നമ്മള്‍ നിരന്തരമായ സമ്പര്‍ക്കമില്ലായ്മയുടെ അകലങ്ങളിലേയ്ക്ക് എത്തിയിരുന്നു. കണ്ടു, മിണ്ടി, 2 മിനിറ്റ് സംസാരിച്ചു എന്നതിനപ്പുറം, നീ അവസാനം സംവിധാനം ചെയ്ത അയ്യപ്പനും കോശിയും സിനിമയിലേതെന്നപോലെയല്ലെങ്കിലും വ്യാഖ്യാനിക്കാനാവാത്ത ഈഗോയുടെ വാള്‍ത്തലപ്പുകളാല്‍ നമ്മള്‍ വിദൂരദേശങ്ങളില്‍ ആയിപ്പോയിരുന്നുവോ.

അന്നു രാത്രി നിന്നെക്കുറിച്ച് ഞാന്‍ അഗാധമായി ആലോചിച്ചു. നീയും എപ്പോഴെങ്കിലും എന്നെക്കുറിച്ചും ആലോചിച്ചിട്ടുണ്ടാവണം. അല്ലാത്തൊരാള്‍ക്ക് അയ്യപ്പനും കോശിയും പോലുള്ളൊരു സിനിമയെടുക്കാന്‍ കഴിയില്ല.

നിന്‍റെ മരണം എന്നെ സ്പര്‍ശിക്കുന്നത് നമ്മള്‍ ഒരേ പ്രായക്കാര്‍ ആയതുകൊണ്ടുള്ള താരതമ്യത്തിന്‍റെ ഉലയ്ക്കല്‍ കൊണ്ടാണോ. അല്ല. നിന്‍റെ ഇടതൂര്‍ന്ന ഗഹനത്താടിക്കിടയില്‍, അതിന്‍റെ കാടിനുള്ളില്‍, അച്ഛനില്ലാതെ അത്രമേല്‍ ഊഷരമായി വളര്‍ന്ന് സഹിച്ച്, സിനിമ കൊണ്ടുമാത്രം ഇക്കാലങ്ങളില്‍ നീ കരയ്ക്കെത്തിച്ച, നങ്കൂരമിട്ട അമ്മ, ചേട്ടന്‍, ചേച്ചി എന്നിവരുടെ അനുബന്ധക്കഥകളുണ്ട്. മരണങ്ങളുടെ ഞെട്ടല്‍ കൊണ്ടല്ല, അതുനല്‍കുന്ന അനിശ്ചിതത്വത്തിന്‍റെ ഉന്മാദകരമായ കിറുക്കുകൊണ്ട് ഇന്നത്തെ രാത്രിയെയും ഞാന്‍ അതിജീവിക്കട്ടെ.