Asianet News MalayalamAsianet News Malayalam

Marakkar : 'മരക്കാര്‍ വിഷ്വല്‍ ട്രീറ്റ്'; ഇനിയുമൊരു സിനിമ ആലോചിക്കാവുന്നതാണെന്ന് എം എ നിഷാദ്

മമ്മൂട്ടിയെ നായകനാവുന്ന സന്തോഷ് ശിവന്‍ ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്

ma nishad about marakkar mohanlal mammootty priyadarshan santosh sivan
Author
Thiruvananthapuram, First Published Dec 2, 2021, 10:17 PM IST

മോഹന്‍ലാല്‍ (Mohanlal) നായകനായ 'മരക്കാറി'ന്‍റെ (Marakkar) കാഴ്ചാനുഭവം പങ്കുവച്ച് സംവിധായകന്‍ എം എ നിഷാദ് (MA Nishad). മരക്കാര്‍ ചരിത്ര സിനിമയല്ലെന്നും തന്‍റെ ചിന്തകളില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ടെന്നും നിഷാദ് പറയുന്നു. ഒരുപാടുപേരുടെ പ്രയത്നഫലമായ കലാസൃഷ്‍ടിയെ ഇകഴ്ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒപ്പം മമ്മൂട്ടി- സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ട 'കുഞ്ഞാലിമരക്കാരു'ടെ ഇനിയുള്ള സാധ്യതയെക്കുറിച്ചും എം എ നിഷാദ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം.

എം എ നിഷാദിന്‍റെ കുറിപ്പ്

"മരക്കാർ കണ്ടു, മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്‍റെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹൻലാൽ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാർ. സിദ്ധാർത്ഥ് പ്രിയദർശനും ഛായാഗ്രഹകൻ തിരുവും സൗണ്ട് ഡിസൈനർ രാജാകൃഷ്ണനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ആന്‍റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്‍റേതുകൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ. 

ചില അപാകതകൾ നമ്മൾ കണ്ടില്ല എന്ന് നടിക്കുകയും അതിന്‍റെ തെറ്റുകൾ ഉച്ചത്തിൽ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ   കലാസൃഷ്ടികളെ  ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറ്റവും അത്യാവശ്യമാണ്, ഈ കാലഘട്ടത്തില്‍. കുഞ്ഞാലി മരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാൻ ഇനിയും കഴിയും. സന്തോഷ് ശിവന്‍റെ സംവിധാനത്തിൽ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. I repeat നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവൻ ആ കാര്യത്തിൽ രണ്ടാമത് 
ഒന്നാലോചിക്കുന്നതായിരിക്കും നല്ലത്."

കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ തന്നെ കഥ പറയുന്ന സന്തോഷ് ശിവന്‍ ചിത്രം ഏതാനും വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചിരുന്നതാണ്. മമ്മൂട്ടി നായകനാവുന്ന ചിത്രം ഓഗസ്റ്റ് സിനിമാസ് ആണ് നിര്‍മ്മിക്കാനിരുന്നത്. ടി പി രാജീവനും ശങ്കര്‍ രാമകൃഷ്‍ണനും ചേര്‍ന്നായിരുന്നു രചന നിര്‍വ്വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രഖ്യാപനത്തിനു ശേഷം ഈ പ്രോജക്റ്റിന്‍റെ മറ്റ് അപ്‍ഡേറ്റുകള്‍ പുറത്തെത്തിയിരുന്നില്ല.

Follow Us:
Download App:
  • android
  • ios