വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ മുൻ ഡിജിപി  ടിപി സെൻകുമാറിനെ രൂക്ഷമായി വിമർശിച്ച് സംവിധായകന്‍ എം.എ. നിഷാദ്. ഇത് ​ഗുജറാത്തോ യുപിയോ അല്ല, കേരളമാണ്. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും ഇവിടെ ഒറ്റക്കെട്ടായാണ് ജീവിക്കുന്നതെന്നും എം.എ. നിഷാദ് പറയുന്നു. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറിന്റെ മുഖ്യ പാചകക്കാരാന്‍ ആകാനുള്ള ഓട്ടത്തിലാണ് സെൻകുമാറെന്നും നിഷാദ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിമർശനവുമായി നിഷാദ് രം​ഗത്തെത്തിയത്. 

എം.എ. നിഷാദിന്റെ വാക്കുകൾ

കുറച്ച് ദിവസമായി നിങ്ങളോട് ചില കാര്യങ്ങൾ പങ്കുവയ്ക്കണമെന്ന് ആ​ഗ്രഹിക്കുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ ചിലർക്ക് അത്ര രുചിക്കത്തില്ലെന്ന് അറിയാം. പ്രത്യേകിച്ച് എന്റെ സങ്കി സുഹൃത്തുക്കൾക്ക്. ഇന്ന് ഞാൻ മുൻ ഡിജിപി  ടിപി സെൻകുമാർ സാറിന്റെ ഒരു പത്രസമ്മേളനം കണ്ടു. അദ്ദേഹത്തെ സാറെന്ന് വിളിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. കാരണം ആ പദവിയെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹം പത്രസമ്മേളനത്തില്‍ നടത്തിയ ദാര്‍ഷിഠ്യം ചോദ്യം ചെയ്യേണ്ടത് തന്നെയാണ്. പൊലീസ് ഉദ്യോ​ഗസ്ഥൻ എന്ന് പറയുമ്പോൾ ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടവരാണ്. ജാതിക്കും മതത്തിനും അതീതമായിട്ടായിരിക്കണം ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പെരുമാറേണ്ടത്. ഇദ്ദേഹം നമ്മുടെ ഡിജിപി ആയിരുന്നു എന്നറിയുമ്പോള്‍ നമ്മള്‍ വളരെ വേദനാജനകമായി മനസിലാക്കേണ്ട കാര്യമുണ്ട്. സെൻകുമാറിന്റെ ബിജെപി കാലം എത്ര ബയാസ്ഡ് ആയിരിക്കും.
അതുകൊണ്ടാണല്ലോ പ്രതിപക്ഷ നേതാവിന് കുറ്റബോധം ഉണ്ടാവുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിയര്‍ ആയി പറയുകകയും ചെയ്തത്, സെന്‍കുമാര്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല. ഞാൻ അദ്ദേഹത്തെ വ്യക്തിപരമായി അക്ഷേപിക്കാനൊന്ന ആളല്ല. പക്ഷേ ഇന്ന് അദ്ദേഹം കാണിച്ച പ്രവർത്തിയുണ്ടല്ലോ, അത് നാലായിട്ട് മടക്കി സാറ് സറിന്റെ കയ്യിലങ്ങ് വച്ചാമതി.

കാരണം വേറൊന്നുമല്ല, കാക്കിയിട്ടവൻ കാവി ഉടുക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം തന്നെയാണ് സാറിന് സംഭവിച്ചത്. താങ്കള്‍ പറയുന്ന കാര്യം മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാന്‍ പാടുള്ളു എന്ന് എവിടെയാണ് പറയുന്നത്. ഗുണ്ടകളുമായി വന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മതമാണ് അറിയേണ്ടത്. മിസ്റ്റര്‍ സെന്‍കുമാര്‍ നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഇത് ഗുജറാത്തോ യുപിയോ ഒന്നുമല്ല, ഇത് കേരളമാണ്. ഹൈന്ദവനും മുസല്‍മാനും ക്രൈസതവനും ഒറ്റക്കെട്ടായി ജീവിക്കുകയാണ്. ഇവിടെ നിങ്ങളുടെ ഉമ്മാക്കി ഒന്നും നടപ്പിലാവില്ല മിസ്റ്റര്‍ സെന്‍കുമാര്‍. അതിനെ പറ്റി നിങ്ങൾ ചിന്തിക്കുകയും വേണ്ട. എത്ര വര്‍ഗീയപരമായിട്ടാണ് ഒരോ സമയത്തും കേരളത്തിലെ ജനങ്ങളെ താങ്കള്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഒരു മനുഷ്യൻ കോമാളി ആകുന്നതിനും അപ്പുറമായിട്ട്, നാറാവുന്നതിനും അപ്പുറമായിട്ടും നിങ്ങൾ ഓരേ നിമിഷവും ജനങ്ങളുടെ മനസ്സിൽ പരിഹാസ്യ കഥാപാത്രമായി മാറിയിരിക്കുകയാണ്.

എന്താണ് സർ ഇത്. നിങ്ങൾ ഒരു ഡിജിപി ആയിരുന്ന ആളല്ലേ. മഹാരഥന്‍മാര്‍ ഇരുന്ന കസേരയില്‍ ഇരുന്നയാള്‍ പച്ചക്ക് വര്‍ഗീയത പറയുന്ന ആളായി അധപതിച്ചു. വര്‍ഗീയത പരത്തുന്നതിലാണ് നിങ്ങള്‍ക്ക് ഡോക്ടറേറ്റ്. ഞങ്ങൾ ഇവിടെ എല്ലാവരും സ്വസ്ഥമായി ജീവിച്ച് പോയ്ക്കോട്ടെ സർ. സാറിന്റെയോ പാര്‍ട്ടിയുടെയോ പരിപ്പ് ഇവിടെ വോവാന്‍ പോകുന്നില്ല. പണ്ടേങ്ങോ തിടമ്പേറ്റിയെന്ന് കരുതി ഇപ്പോ ആരെങ്കിലും ആനയുടെ പിണ്ടത്തെ ഭയക്കോ? ഹേമന്ത് കാക്കറെയെ പോലുള്ള വരെ സല്യൂട്ടടിക്കും, ദേവന്ദ്ര സിഗിനെ പോലുള്ളവരെ ചവിട്ടി പുറകത്താക്കും. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറിന്റെ മുഖ്യ പാചകക്കാരാന്‍ ആകാനുള്ള ഓട്ടത്തിലാണ് അങ്ങ്. താങ്കള്‍ ഒരു ഹീറോ ആണെന്ന് തോന്നുന്നുണ്ടെങ്കില്‍ തെറ്റി താങ്കള്‍ സീറോയാണ്. മാധ്യമപ്രവര്‍ത്തകരോട് ഒരു അഭ്യര്‍ഥന ഇത്തരം നാഷണല്‍ വേസ്റ്റുകള്‍ക്ക് നിങ്ങള്‍ ഇടം കൊടുക്കരുത്. മീഡിയ വിലസിബിലിറ്റി നല്‍കരുത്. വര്‍ഗീയ വിഷം പരത്തുന്ന ഒരാളെ കാണലല്ല ജനങ്ങളുടെ ജോലി.