Asianet News MalayalamAsianet News Malayalam

മോളിവുഡിന് എം എ യൂസഫലിയുടെ വിഷുക്കൈനീട്ടം; പിവിആർ തർക്കം പരിഹരിക്കാൻ ഇടപെടൽ, ഒടുവിൽ വിജയം

എം എ യൂസഫലിക്ക് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നന്ദി അറിയിക്കുകയും ചെയ്തു. 

MA Yusuff Ali resolve the PVR dispute of Malayalam cinema
Author
First Published Apr 13, 2024, 7:40 PM IST

കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി മലയാള സിനിമയെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം ആയിരുന്നു മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആറിന്‍റെ തര്‍ക്കം. ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മലയാള സിനിമാ നിര്‍മാതാക്കള്‍ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിനെ ചൊടിപ്പിച്ചത്. പിന്നാലെ മലയാള സിനിമകള്‍ ശൃംഖലയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പിവിആര്‍ പറയുകയും ചെയ്തു. ഇതോടെ പുതിയ റിലീസുകള്‍ക്ക് വലിയ തിരിച്ചടി ആണ് നേരിടേണ്ടി വന്നത്. ഒടുവില്‍ തര്‍ക്കത്തിനും ചര്‍ച്ചകള്‍ക്കും ശേഷം മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് പിവിആര്‍ അറിയിക്കുക ആയിരുന്നു. 

മലയാളിയും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു ചര്‍ച്ചയ്ക്ക് ധാരണയായത്. ചര്‍ച്ചയ്ക്ക് ഒടുവില്‍ ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനിലും മലയാള സിനിമ പ്രദർശിപ്പിക്കാൻ പിവിആര്‍ സമ്മതം അറിയിക്കുക ആയിരുന്നു. മലയാളത്തിലെ സംവിധായകരും നിർമാതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 

കൊച്ചിയിലെയും കോഴിക്കോടെയും ഓരോ സ്‌ക്രീനിൽ ഒഴികെ മറ്റെല്ലാ സ്ഥലത്തും മലയാള സിനിമ പ്രദർശിപ്പിക്കാൻ തീരുമാനം ആയിട്ടുണ്ട്. ഈ ആഘോഷ നാളില്‍(സീസണ്‍) മലയാള സിനിമയ്ക്ക് വലിയൊരു ആശ്വാസം സമ്മാനിച്ച എം എ യൂസഫലിക്ക് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നന്ദി അറിയിക്കുകയും ചെയ്തു. 

തർക്കിച്ച് പിവിആർ, കടുപ്പിച്ച് ഫെഫ്‍ക, ഒടുവിൽ പരിഹാരം; മലയാള സിനിമകൾ പ്രദർശിപ്പിക്കും

"പിവിആറുമായുള്ള ചർച്ചയ്ക്ക് ഞങ്ങളെ സഹായിച്ചത് എം എ യൂസഫലിയാണ്. അദ്ദേഹം ഓരോ ഘട്ടത്തിലും ഞങ്ങളുമായി ബന്ധപ്പെടുകയും പിവിആറിന്റെ ടോപ് മാനേജ്മെന്റുമായി സംസാരിക്കുകയും ചെയ്തു. വ്യക്തത വരുത്തേണ്ട ചില കാര്യങ്ങളിൽ വ്യക്തതവരുത്തി. ഞങ്ങളുടെ ആവശ്യത്തിൽ നിന്നും പിറകോട്ടും പോയില്ല. അതിനൊപ്പം തന്നെ യുസഫലിയും നിന്നു. ഞാനൊരു മലയാളിയാണ്. അതിൽ അഭിമാനിക്കുന്ന ആളാണ്. ഇത് വിഷുക്കാലം ആണ്. തീർച്ചയായും മലയാള സിനിമ തന്റെ പ്രോപ്പർട്ടിയിൽ ഉൾപ്പടെ പ്രദർശിപ്പിക്കണം എന്ന നിലപാട് അദ്ദേഹം എടുത്തു. അദ്ദേഹം ‍ഞങ്ങൾക്ക് ഒപ്പം നിൽക്കുകയും ഒരുപക്ഷേ ഞങ്ങളുടെ ആവശ്യങ്ങൾ ഞങ്ങളെക്കാൾ ഫലപ്രദമായി പിവിആർ മാനേജ്മെന്റുമായി സംസാരിക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലും മലയാള സിനിമ പ്രദർശിപ്പിക്കാൻ തുറന്നു കൊടുക്കുമെന്ന് അറിയിക്കുക ആയിരുന്നു", എന്നാണ് ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് അറിയിച്ചത്. 

കേരളത്തിന് പുറത്ത് നഷ്ടമായത് നൂറിലധികം സ്ക്രീനുകള്‍; പിവിആര്‍ തര്‍ക്കത്തില്‍ കോടികളുടെ കളക്ഷന്‍ നഷ്ടം

അതേസമയം, പ്രവര്‍ത്തനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഇനി മലയാള സിനിമ പിവിആറിന് നല്‍കില്ലെന്ന് ഫെഫ്ക വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചിരുന്നു. ഏപ്രില്‍ 11ന് ആണ് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പിവിആര്‍ അറിയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios