Asianet News MalayalamAsianet News Malayalam

'വിനയന്‍ ഈ കഥ എന്തുകൊണ്ട് സിനിമയാക്കിയെന്ന് എനിക്ക് മനസിലായി'; മാലാ പാര്‍വ്വതി പറയുന്നു

"സിനിമാ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത ഒരു പേര് ആണ് ഡയറക്ടർ വിനയൻ എന്നത് ഒരു പരസ്യമായ രഹസ്യമാണ്"

maala parvathi about Pathonpatham Noottandu and vinayan
Author
First Published Sep 10, 2022, 1:25 PM IST

ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ പത്തൊമ്പതാം നൂറ്റാണ്ട് പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. വിനയന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വ്വതി.

മാലാ പാര്‍വ്വതിയുടെ കുറിപ്പ്

പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ തമസ്ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ ഓരോ ആസ്പെക്റ്റും എടുത്ത് പറയേണ്ടതാണ്. കലാസംവിധാനം, വസ്ത്രാലങ്കാരം, മേക്കപ്പ്, ക്യാമറ, സ്റ്റണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം. ഓണക്കാലത്ത് കാണാവുന്ന എന്നല്ല, മലയാളികൾ കണ്ടിരിക്കേണ്ട, ഈഴവർ തൊട്ട് താഴോട്ടുള്ള അധ:കൃതർ എന്ന് സമൂഹം വിളിച്ചിരുന്ന ഒരു വലിയ വിഭാഗം അനുഭവിച്ചിരുന്ന നെറികേടിൻ്റെ കഥ. അതിനെതിരെ നടന്ന ചെറുത്ത് നിൽപ്പിൻ്റെ കഥ. ആറാട്ടുപുഴ വേലായുധൻ്റെയും നങ്ങേലിയുടെയും കഥ. ആറാട്ടുപുഴ വേലായുധനായി എത്തിയ സിജു വില്‍സണ്‍ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി. കയാദു ലോഹർ നങ്ങേലിയായും തിളങ്ങി. സുദേവ് നായര്‍, അലൻസിയർ, സുനില്‍ സുഖദ, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങി ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം അവനവൻ്റെ റോളുകൾ കെങ്കേമമാക്കി.

എന്നാൽ ഈ കുറിപ്പ് എനിക്ക് എഴുതാൻ തോന്നിയത് മറ്റൊരു കാരണത്താലാണ്. സിനിമ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത ഒരു പേര് ആണ് ഡയറക്ടർ വിനയൻ എന്നത് ഒരു പരസ്യമായ രഹസ്യമാണ്. പല തരത്തിലുള്ള വിലക്കുകൾ, ഗ്രൂപ്പ് പ്രശ്നങ്ങൾ, തർക്കങ്ങൾ എല്ലാത്തിനും കാരണം ഡയറക്ടർ വിനയനെന്ന് ഒളിഞ്ഞും തെളിഞ്ഞും ആൾക്കാർ പറയുമ്പോഴും സിനിമയെ നിലനിർത്തുന്ന തൊഴിലാളികളുടെ കൺകണ്ട ദൈവമാണ് ഇദ്ദേഹം. ഡ്രൈവർമാർ, ലൈറ്റിലെ, യൂണിറ്റിലെ, മേക്കപ്പിലെ എന്ന് വേണ്ട ആര് സംസാരിക്കുമ്പോഴും ഇദ്ദേഹത്തിനെക്കുറിച്ച് നൂറു നാവാണ്. ഒരു വ്യക്തി ഒരു വിഷയം  തിരഞ്ഞെടുക്കുന്നത് എന്തിനാണ് എന്ന് ഞാൻ  ആലോചിക്കാറുണ്ട്. ഈ സിനിമ കണ്ടപ്പോൾ എനിക്കത് വ്യക്തമായി. മാറ്റി നിർത്തപ്പെടുന്നവൻ്റെ വേദന അനുഭവിച്ചിട്ടുള്ള, അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി പൊരുതുന്ന ആറാട്ടുപുഴ വേലായുധൻ്റെ കഥ ഡയറക്ടർ വിനയൻ എന്ത് കൊണ്ട് സിനിമയാക്കി എന്ന്.

maala parvathi about Pathonpatham Noottandu and vinayan

 

പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമല്ല, എല്ലാ കാലത്തും, എല്ലാ ഇടത്തും ആറാട്ടുപുഴ വേലായുധൻമാരുണ്ട്. അതാത് കാലത്തെ നാടുവാഴികൾക്കും, അവരുടെ പിണിയാളന്മാർക്കും എതിർപ്പ് തോന്നിയാൽ അവർ അങ്ങനെയുള്ളവരെ മാറ്റി നിർത്തും. ഒഴിവാക്കും, വിലക്കേർപ്പെടുത്തും.
സിനിമാ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് ശ്രീ വിനയൻ എന്ന് ഈ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നി. അതുപോലെ തന്നെ, തിളങ്ങി നിൽക്കുന്ന നായക നടന്മാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാതെ, ഒളിഞ്ഞിരുന്ന ഒരു നടനെ, ആറാട്ടുപുഴ വേലായുധനായി അവതരിപ്പിച്ചതിലും ഇതേ രാഷ്ട്രീയം കാണാം. നടനെ താരമാക്കി.. തമസ്ക്കരിക്കപ്പെടാതെ കാത്തു. മണികണ്ഠന്‍ ആചാരിയെപ്പോലെ, മുസ്തഫയെ പോലുള്ള പ്രതിഭാധനന്മാരായ നടന്മാരെ ചിത്രത്തിൻ്റെ ഭാഗമാക്കുന്നതിൻ്റെ രാഷ്ട്രീയവും വേറെ അല്ല. പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും, അതിന് ഒപ്പം നിന്ന നിർമ്മാതാവ്  ശ്രീ ഗോപാലനും അഭിനന്ദനങ്ങൾ.

ALSO READ : വെളുത്ത മുറിയിലിരിക്കുന്ന മമ്മൂട്ടി! 'റോഷാക്ക്' ട്രെയ്‍ലറിലെ സൂചന 'വൈറ്റ് റൂം ടോര്‍ച്ചറി'ന്‍റേത്?

Follow Us:
Download App:
  • android
  • ios