അവസാനം സംസാരിച്ചതും വയലാറിനെക്കുറിച്ചെന്ന് മാലാ പാര്‍വ്വതി
നടി മാലാ പാര്‍വ്വതിയുടെ (Maala Parvathi) പിതാവ് സി വി ത്രിവിക്രമന്‍ (92) (C V Thrivikraman) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5.50നാണ് അന്ത്യം. നാല് പതിറ്റാണ്ടിലേറെ വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കെ ലളിത, മരുമകന്‍: ബി സതീശന്‍. മരണത്തിനു മുന്‍പ് അച്ഛന്‍ അവസാനം സംസാരിച്ചതും വയലാറിനെക്കുറിച്ചായിരുന്നുവെന്ന് മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.
മാലാ പാര്‍വ്വതിയുടെ കുറിപ്പ്
എന്‍റെ അച്ഛൻ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും ദത്തൻ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞ്ഞപ്പോൾ സൂക്ഷിച്ച് നോക്കി. കാനായി ശില്പം ചെയ്തോ? ചേർത്തലയിലെ അംബാലികാ ഹാൾ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ദാഗം കുറേ ആവർത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു. കഫം തുപ്പാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സതീശന്‍റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാൻ നെഞ്ച് തടയുന്നതിനിടയിൽ.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.
