മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. 

മ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപര്വ്വം(Bheeshma Parvam). ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ പുതിയ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തിയറ്ററുകളിൽ കയ്യടി നേടിയ ​ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ലഭിച്ച കമന്റിന് നടി മാലാ പാര്‍വതി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

‘ഈ ഒരു ഐറ്റം വരുവോളം തള്ളി മറിച്ചോ കേട്ടോ, അതുകഴിഞ്ഞു ഇച്ചിരി കുറക്കാന്‍ നോക്കണം,’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഇതോടൊപ്പം കെജിഎഫിന്റെ പോസ്റ്ററും ഇയാൾ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായി മാലാ പാർവതിയും രം​ഗത്തെത്തി. 

‘ഒരു കാര്യം പറഞ്ഞോട്ടെ. കോമഡി ആയിട്ട് എടുത്താല്‍ മതി. കെ.ജി.എഫ് എന്ന ഐറ്റം വരുമ്പോള്‍, അത് ‘ വേറെ ‘ ആള്‍ക്കാരുടെ ആണെന്നും, അതില്‍ നിങ്ങള്‍ക്കൊന്നും ഒരു ഇടവുമില്ല എന്നാണല്ലോ, ഈ മെസേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ ഒരു തിരുത്തുണ്ട്. കെ.ജി.എഫും എനിക്ക് തള്ളി മറക്കാം. കാരണം കെ.ജി.എഫ് മലയാളം വേര്‍ഷനില്‍ പ്രധാനപ്പെട്ട ഒരു കഥാപത്രത്തിന് എന്റെ ശബ്ദമാണ്. അത് കൊണ്ട് പേടിപ്പിക്കരുത്. എന്നല്ല ഇനി കെ.ജി.എഫിനെക്കാള്‍ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മ പര്‍വ്വം ആഘോഷിക്കും. കാരണം. ആ പടം ഒരു പടമാ’, എന്നായിരുന്നു നടിയുടെ മറുപടി.

അതേസമയം, റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കള​ക്ഷനാണ് ഭീഷ്മപർവ്വത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു.