Asianet News MalayalamAsianet News Malayalam

Maanaadu OTT Release : വെങ്കട് പ്രഭുവിന്‍റെ ടൈം ലൂപ്പിലേക്ക് സ്വാഗതം; മാനാട് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

നവംബര്‍ 25നായിരുന്നു തിയറ്റര്‍ റിലീസ്

maanaadu ott release date announced december 24 sony liv silambarasan tr
Author
Thiruvananthapuram, First Published Dec 18, 2021, 5:35 PM IST

ചിലമ്പരശനെ (Silambarasan TR) നായകനാക്കി വെങ്കട് പ്രഭു (Venkat Prabhu) സംവിധാനം ചെയ്‍ത 'മാനാടി'ന്‍റെ (Maanaadu) ഒടിടി റിലീസ് തീയതി (OTT Release Date) പ്രഖ്യാപിച്ചു. നവംബര്‍ 25ന് തിയറ്ററുകളിലെത്തിയ ചിത്രം സമീപകാല കോളിവുഡ് സിനിമകളിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഒരു മാസത്തിനിപ്പുറം ഡിസംബര്‍ 24നാണ് ചിത്രത്തിന്‍റെ ഒടിടി പ്രീമിയര്‍. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് (Sony Liv) ചിത്രത്തിന്‍റെ സ്ട്രീമിംഗ്.

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു ടൈം ലൂപ്പ് അവതരിപ്പിക്കുകയാണ് വെങ്കട് പ്രഭു. അബ്‍ദുള്‍ ഖാലിഖ് എന്ന നായക കഥാപാത്രമായി ചിമ്പു എത്തുമ്പോള്‍ എസ് ജെ സൂര്യയാണ് പ്രതിനായക കഥാപാത്രമായ ഡിസിപി ധനുഷ്‍കോടിയെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹാദേവന്‍, ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍, സുബ്ബു പഞ്ചു, അഞ്ജേയ കീര്‍ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഏറെ പ്രശംസ നേടിയിരുന്നു. റിച്ചാര്‍ഡ് എം നാഥനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് പ്രവീണ്‍ കെ എള്‍. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് നിര്‍മ്മാണം. ഒരു വെങ്കട് പ്രഭു ചിത്രത്തില്‍ ആദ്യമായാണ് ചിമ്പു നായകനായെത്തുന്നത്. 

Follow Us:
Download App:
  • android
  • ios