ഈശോ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില ക്രൈസ്‍തവ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയ്‍ക്ക് എതിരെ ചില ക്രൈസ്‍തവ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. ഈശോ എന്ന പേര് മാറ്റാതെ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ല എന്നായിരുന്നു പറഞ്ഞത്. സംഭവം വലിയ വിവാദവുമായി മാറി. ഇപോഴിതാ നാദിര്‍ഷയ്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട.

മലയാള ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേർത്തുപിടിക്കലല്ല. സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവർത്തിക്കുന്ന ഒരിടം. സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്ക്കുന്നത് തന്നെ. ആ മേഖലയിലേക്കാണ് സോഷ്യൽ മീഡിയയിലൂടെ ഒരു പറ്റം ആളുകൾ വിവാദം സൃഷ്‍ടിക്കുന്നത് എന്ന് മാക്ട വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

നാദിർഷാ സംവിധാനം ചെയ്‍ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ല. ആവിഷ്‍കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണ് . നാദിർഷായ്ക്കു മാക്ട എക്സിക്യൂട്ടീവ് കമിറ്റി എല്ലാ പിന്തുണയും അറിയിക്കുന്നു.

മാക്ട വൈസ് ചെയർമാൻ എം പദ്‍മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജൂൺ കാര്യാൽ, മധുപാൽ, അൻവർ റഷീദ്, സേതു, മാർത്താണ്ഡൻ,എൻ എം ബാദുഷ,പി കെ ബാബുരാജ്, ഗായത്രി അശോക്,എ എസ് ദിനേശ് എന്നിവർ സംസാരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.