മെയ്‍ഡ് ഇൻ ക്യാരവാൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസായി. 

പ്രവാസികളുടെ ജീവിതം വിഷയമാക്കി നിരവധി സിനിമകള്‍ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. പലതും ഏറെ ഹൃദയസ്‍പര്‍ശിയാണ്, സിനിമാ പ്രേമികള്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തവയാണ് പലതും. എന്നാൽ ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി ഒരു സിനിമ എത്തുകയാണ്. 'മെയ്‍ഡ് ഇൻ ക്യാരവാൻ' എന്നാണ് സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്. കൊവിഡ് കാലത്ത് പൂർണ്ണമായും ഗൾഫ് പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. 

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്ന് പുറത്തിറക്കി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അണിയറയിൽ നടക്കുകയാണ്. ഒക്ടോബർ അവസാനത്തോടെ ചിത്രം റിലീസിനെത്തുമെന്ന് പ്രവർത്തകർ പറഞ്ഞു. പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. 

കഫേ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. 

ആൻസൻ പോൾ, മിഥുൻ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‍ലെ, നസ്സഹ, എൽവി സെന്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു. ക്യാമറ: ഷിജു എം ഭാസ്‍കർ, എഡിറ്റിങ്: വിഷ്‍ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജയപ്രകാശ്, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ ആർ (സപ്‍ത), പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവർത്തകർ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.