യുപിയിലെ ഹാഥ്റസ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ തുടര്‍ക്കഥയാവുന്ന ബലാല്‍സംഗ വാര്‍ത്തകളെക്കുറിച്ച് വൈകാരിക പ്രതികരണവുമായി നടി മധു ഷാ (മധുബാല). കൊവിഡ് പശ്ചാത്തലത്തില്‍ 'ഹാപ്പിഡെമിക്' (happydemic) എന്ന അടിക്കുറിപ്പോടെ പ്രതിസന്ധികള്‍ക്കിടയിലും കാണുന്ന പോസിറ്റീവ് ആയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മധുവിന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോ തുടങ്ങുന്നത്. "ലിപ്സ്റ്റിക്കോ മറ്റ് മേക്കപ്പുകളോ ഇല്ലാതെ ആദ്യമായാണ് ഞാന്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നത്. 'ഹാപ്പിഡെമിക്' പ്രകാരം നമ്മുടെ ആത്മാവാണ് വൃത്തിയായി ഇരിക്കേണ്ടത്, ശരീരമല്ല. പ്രതിസന്ധികളുടെ ഈ കാലത്തും പോസിറ്റീവ് ആയ ഒരുപാട് കാര്യങ്ങള്‍ നമുക്കുചുറ്റും സംഭവിക്കുന്നുണ്ട്. പ്രതിസന്ധിയെ പ്രതിരോധിക്കുന്നവരും അതുമായി ചേര്‍ന്ന് ജീവിക്കാന്‍ സാധിക്കുന്നവരുമാണ് നമ്മള്‍ മനുഷ്യര്‍" പക്ഷേ ഒരു ബലാല്‍സംഗത്തെക്കുറിച്ച് നമുക്ക് ഇതുതന്നെ പറയാനാവുമോ എന്നും മധു ചോദിക്കുന്നു

"ഒരു ബലാല്‍സംഗത്തെ നമുക്ക് നീതീകരിക്കാനാവുമോ? എന്തെങ്കിലും നല്ലതിനുവേണ്ടിയാണ് അത് നടന്നതെന്ന് പറയാനാവുമോ? നിര്‍ഭയ സംഭവം നടന്നത് 2012ലാണ്. അതിനുശേഷം ഇവിടെ ബലാല്‍സംഗം അവസാനിച്ചോ? ഇത് എങ്ങോട്ടാണ് പോകുന്നത്? ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് ചെയ്യുന്നതാണിതെന്ന് വിശ്വസിക്കുക പ്രയാസം. ഒരു പുരുഷന്‍ ഒരു സ്ത്രീയോട് ചെയ്യുന്നത്. നമ്മള്‍ ഒരേ ജീവിവര്‍ഗ്ഗം അല്ലേ? രോഗാതുരമായ മനസുള്ളവരാണ് ഇത് ചെയ്യുന്നത്. പക്ഷേ അങ്ങനെയുള്ള ഒരാള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തിയെ ന്യായീകരിക്കാനാവുമോ? നിയമ നിര്‍മ്മാതാക്കളോടും സര്‍ക്കാരുകളോടും എനിക്ക് പറയാനുള്ളത് ഇതാണ്, നീണ്ടുനില്‍ക്കുന്ന നിയമ വ്യവഹാരങ്ങള്‍ ഒഴിവാക്കി ബലാല്‍സംഗം ചെയ്യുന്ന ഒരാളെ പൊതുജനമധ്യത്തില്‍ തൂക്കിലേറ്റുക. അത് ടെലിവിഷന്‍ ചാനലുകളിലൂടെ കാണിക്കുക. ഭാവിയില്‍ അത്തരം ചിന്തയുള്ളവരെ കൃത്യത്തില്‍ നിന്നും തടയും ആ ദൃശ്യങ്ങള്‍. അനാവശ്യമായ ഒരു നോട്ടം പോലും ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് ഏത് പ്രായത്തിലുള്ള ഒരു സ്ത്രീയോടും ചോദിച്ചുനോക്കൂ. നിങ്ങളുടെ നട്ടെല്ലില്‍ ഒരു വിറയലായിരിക്കും അപ്പോള്‍. ആത്മാവ് നടുങ്ങും. ഒരു നോട്ടത്തിന്‍റെ കാര്യം അങ്ങനെയെങ്കില്‍ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെടുന്ന ഒരു സ്ത്രീയുടെ അനുഭവം എന്തായിരിക്കും?", മധു ഷാ ചോദിക്കുന്നു.

"സ്ത്രീശാക്തീകരണമല്ല ഇതിന് പരിഹാരം. സമൂഹത്തിലെ ആണ്‍-പെണ്‍ വേര്‍തിരിവ് ഇല്ലാതാക്കുകയാണ് വേണ്ടത്. ലിംഗവ്യത്യാസത്തിനപ്പുറം നാം മനുഷ്യരാണ്. ഒരുമിച്ച് ജീവിക്കാനാണ് മനുഷ്യരെ പഠിപ്പിക്കേണ്ടത്. സ്ത്രീകളെക്കൂടാതെ നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കാനാവുമെന്നാണ് പുരുഷന്മാരോട് എനിക്ക് ചോദിക്കാനുള്ളത്. ഞങ്ങളെക്കൂടാതെ നിങ്ങള്‍ അപൂര്‍ണ്ണരാണ്, നിങ്ങളില്ലാതെ ഞങ്ങള്‍ അപൂര്‍ണ്ണരായിരിക്കുന്നതുപോലെ തന്നെ. അതിനാല്‍ ദയവായി ഇത് അവസാനിപ്പിക്കുക. നമ്മുടെ പെണ്‍കുട്ടികളെ, സ്ത്രീകളെ സംരക്ഷിക്കുക. ഞങ്ങള്‍ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവര്‍ഗ്ഗമാണ്", മധു ഷാ പറഞ്ഞവസാനിപ്പിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madhoo Shah (@madhoo_rockstar) on Oct 1, 2020 at 12:18am PDT