Asianet News MalayalamAsianet News Malayalam

അര്‍ദ്ധരാത്രിയില്‍ വഴിയിലായ പെണ്‍കുട്ടികളെ സുരക്ഷിതരായി വീട്ടിലെത്തിച്ചു; മുഖ്യമന്ത്രിയെ പ്രശംസിച്ച് മധുപാല്‍

മനുഷ്യൻ അശരണരാവുമ്പോൾ വിളിക്കുന്നത് ദൈവത്തെയാണ് എന്നും മധുപാല്‍.

Madhupal appreciate Pinarayi Vijayan
Author
Thiruvananthapuram, First Published Mar 26, 2020, 12:32 PM IST

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിനായി സംസ്ഥാനത്തും രാജ്യമൊട്ടാകെയുമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യസമ്പര്‍ക്കം കുറയ്‍ക്കാനാണ് ഇങ്ങനെയൊരു നടപടി.  അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം തന്നെ പ്രതിസന്ധിയിലാകുന്നവരെ സഹായിക്കാൻ സര്‍ക്കാര്‍ മുന്നിലുണ്ട്. അര്‍ദ്ധരാത്രിയില്‍ വഴിയില്‍ കുടുങ്ങിയ പെണ്‍കുട്ടികള്‍ക്ക് ആശ്വാസമായ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മധുപാല്‍.

മധുപാലിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

മനുഷ്യൻ അശരണരാവുമ്പോൾ വിളിക്കുന്നത് ദൈവത്തെയാണ്. അരൂപിയായി അത് അഭയം നല്‍കുമോ എന്നറിയില്ല. എന്നാൽ പെരുവഴിയിൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു. ആ വചനം രൂപമായി അവർക്ക് മുന്നിൽ നിറഞ്ഞു. ഇത് ആലങ്കാരികമായി പറഞ്ഞതല്ല. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ മാത്രം തിരിച്ചറിയുന്നതാണ്.

ചൈനയിലെ വുഹാനിൽ രോഗികൾക്ക് ആശ്രയമായ ഡോക്ടർമാരെയും നഴ്‍സുമാരെയും ആ ജനത ആദരപൂർവം യാത്രയാക്കുന്ന ദൃശ്യങ്ങൾ കണ്ടു ദൈവത്തെ മുന്നിൽ കണ്ടത് പോലെ നമസ്‍ക്കരിച്ചു. ഒരിക്കൽ മാത്രം കിട്ടിയ നിധിപോലുള്ള ജീവനെ രക്ഷിക്കുവാൻ വാക്കാകുന്നത് ഈശ്വരൻ തന്നെയാണ്.

ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് ടൊമ്പോയില്‍ യാത്രതിരിച്ച ടാറ്റാ കൺസൾട്ടൻസിയിലെ ജീവനക്കാരായിരുന്നു വഴിയില്‍ കുടുങ്ങിയത്. 13 പെണ്‍കുട്ടികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തിയില്‍ ഇറക്കാൻ മാത്രമേ ആകൂവെന്ന് ഡ്രൈവര്‍ പറഞ്ഞു. മുത്തങ്ങയില്‍ ഇറങ്ങുന്നത് രാത്രിയില്‍ അപകടമായതുകൊണ്ട് തോല്‍പ്പെട്ടിയിലേക്ക് പോയി. അതേസമയം സംഘത്തിലുണ്ടായിരുന്ന ആതിര മുഖ്യമന്ത്രിയുടെ നമ്പറിലേക്ക് വിളിച്ചു. അര്‍ദ്ധ രാത്രിയിലും മുഖ്യമന്ത്രി ഫോണ്‍ എടുത്തു.  പെണ്‍കുട്ടികളെ എല്ലാവരെയും സ്വന്തം വീട്ടില്‍ എത്തിക്കാനുള്ള നടപടിയും എടുത്തു. വേണ്ട മുൻകരുതല്‍ എടുത്തശേഷമാണ് ഇവരെ സ്വന്തം വീടുകളിലേക്ക് പറഞ്ഞയച്ചത്. 

Follow Us:
Download App:
  • android
  • ios