മമ്മൂട്ടി നായകനായ വിജയചിത്രം 'മധുരരാജ'യുടെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയില്‍. കുന്നംകുളം നഗരസഭ 5-ാം വാര്‍ഡ് വൈശ്ശേരിയിലാണ് നെല്‍സണ്‍ മത്സരിക്കുന്നത്. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയാണ്. 'ഈ നാടിന്‍റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍' എന്ന് ആലേഖനം ചെയ്ത ഡിജിറ്റല്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ലോറി ഡ്രൈവര്‍ എന്ന നിലയില്‍ ജീവിതം തുടങ്ങി ബിഗ് ബജറ്റ് സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയിലേക്ക് എത്തിയ വ്യക്തിയാണ് നെല്‍സണ്‍ ഐപ്പ്. മധുരരാജ തീയേറ്ററുകളിലെത്തിയ സമയത്ത് നിര്‍മ്മാതാവിന്‍റെ പശ്ചാത്തലം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 

25 കോടി ബജറ്റില്‍ ഒരുങ്ങിയ 'മധുരരാജ' തീയേറ്ററുകളില്‍ മികച്ച സാമ്പത്തികവിജയം നേടിയിരുന്നു. 45 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാവ് ഔദ്യോഗികമായി കളക്ഷന്‍ പുറത്തുവിട്ടിരുന്നു.