മമ്മൂട്ടി നായകനാകുന്ന മധുരരാജയുടെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. 14 മണിക്കൂറുകള്‍ കൊണ്ട് 19 ലക്ഷത്തിലധികം ആളുകളാണ് ട്രെയിലര്‍ കണ്ടത്. മലയാളത്തിനു പുറമെയുള്ള തെന്നിന്ത്യൻ ഭാഷകളിലെ സിനിമ ആരാധകരും മമ്മൂട്ടിയെയും സംഘത്തെയും അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്ത് എത്തി. ചിത്രം മാസ് എന്റര്‍ടെയ്‍നറായിരിക്കുമെന്നു തന്നെയാണ് കരുതുന്നത്.

പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന മധുരരാജ വൈശാഖ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. പുലിമുരുകനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ ആക്ഷൻ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‍നും മധുര രാജയുടെ ഭാഗമാകുന്നുണ്ട്. പോക്കിരിരാജയിലുണ്ടായിരുന്ന നെടുമുടി വേണു, സലിംകുമാര്‍ എന്നിവര്‍ മധുരരാജയിലുമുണ്ട്. പ്രഥ്വിരാജ് വേഷമിട്ട സൂര്യ മധുരരാജയില്‍ ഇല്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മമ്മൂട്ടി തമാശയോടെയായിരുന്നു പ്രതികരിച്ചത്. വിവാഹം കഴിച്ച് ലണ്ടനില്‍ ആയതിനാലാണ് പൃഥ്വിരാജ് മധുരയില്‍ ഇല്ലാത്തത് എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.