ചെന്നൈ: നീറ്റ് പരീക്ഷയുടെ പേരില്‍ രാജ്യത്തെ കോടതികളെ വിമര്‍ശച്ചതിന് നടന്‍ സൂര്യയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എപി സാഹിക്ക് കത്തെഴുതി.

സൂര്യയ്ക്കെതിരെ രാജ്യത്തിലെ ജഡ്ജിമാരെയും, നിതീന്യായ സംവിധാനത്തെയും വിമര്‍ശിച്ചതിന് വാറണ്ട് ഇറക്കണം എന്നാണ് ജഡ്ജിയുടെ ആവശ്യം. നടന്‍റെ നീറ്റ് പരീക്ഷ സംബന്ധിച്ച പ്രസ്താവന ടിവിയിലും യൂട്യൂബിലും കണ്ടതിന്‍റെ വെളിച്ചത്തിലാണ് നടപടി ആവശ്യപ്പെടുന്നത് എന്ന് ജഡ്ജി എസ്എം സുബ്രഹ്മണ്യം കത്തില്‍ പറയുന്നു.

ഞായറാഴ്ചയാണ് രാജ്യത്ത് നീറ്റ് പ്രവേശ പരീക്ഷ നടത്തുന്നതിനെതിരെ  നടന്‍ സൂര്യ പ്രസ്താവന നടത്തിയത്. നീറ്റ് പരീക്ഷ നടത്തുന്നത് 'മനുനീതി പരീക്ഷ' എന്നാണ് സൂര്യ തന്‍റെ പ്രസ്താവനയില്‍ വിവരിച്ചത്. പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാറിനെയും, കോടതിയെയും, മാധ്യമങ്ങളെയും വിമര്‍ശിക്കുന്ന സൂര്യ, മനസാക്ഷിയില്ലാത്ത നിലപാടാണ് ഇപ്പോള്‍ പരീക്ഷ നടത്തുന്നത് എന്നും പറയുന്നു.

ഈ പ്രസ്താവനയില്‍ ഒരിടത്ത്, പകര്‍ച്ച വ്യാധി ഭീതിയില്‍ കേസുകള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി കേള്‍ക്കുന്ന കോടതികള്‍, അവിടുത്തെ ജഡ്ജിമാര്‍ കുട്ടികളോട് നേരിട്ട് പരീക്ഷ എഴുതാന്‍ പറയുന്നു. എന്ന് പറയുന്നു. ഇതാണ് ഇപ്പോള്‍ കോടതിക്കെതിരായ പരാമര്‍ശമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടുന്നത്.

തന്‍റെ അഭിപ്രായ പ്രകാരം ഇത്തരം പ്രസ്താവനകള്‍ രാജ്യത്തെ ബഹുമാന്യരായ ജഡ്ജിമാരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതും, രാജ്യത്തെ നീതി സംവിധാനത്തെ ചോദ്യം ചെയ്യുന്നതുമാണ്. വളരെ മോശം രീതിയിലുള്ള വിമര്‍ശനമാണിത് -എസ്എം സുബ്രഹ്മണ്യം കത്തില്‍ പറയുന്നു.