Asianet News MalayalamAsianet News Malayalam

വിജയ്ക്ക് ആശ്വാസം; റോള്‍സ് റോയ്‍സ് കേസിലെ 'റീല്‍ ഹീറോ' പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി

പരാമര്‍ശം നീക്കണമെന്ന അപേക്ഷയുമായി മൂന്ന് മാസം മുന്‍പാണ് വിജയ് കോടതിയെ സമീപിച്ചത്

madras high court expunges remarks against actor vijay over rolls royce case
Author
Thiruvananthapuram, First Published Jan 25, 2022, 5:56 PM IST

ചെന്നൈ: നടന്‍ വിജയ്‍ക്കെതിരായ (Vijay) പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി (Madras High court). ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‍സ് കാറിന് നികുതിയിളവ് തേടി സമീപിച്ചപ്പോള്‍ കഴിഞ്ഞ ജൂലൈയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നികുതി കൃത്യമായി അടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങള്‍ വെറും 'റീല്‍ ഹീറോകള്‍' മാത്രമായി ചുരുങ്ങരുതെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്‍റെ പരാമര്‍ശം. ഈ പരാമര്‍ശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് മാസം മുന്‍പ് വിജയ് നല്‍കിയ ഹര്‍ജിയിലാണ് താരത്തിന് ആശ്വാസം പകരുന്ന കോടതി നടപടി വന്നിരിക്കുന്നത്.

തന്‍റെ അഭിഭാഷകന്‍ വിജയ് നാരായണ്‍ വഴി നല്‍കിയ ഹര്‍ജിയില്‍ ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‍സ് കാറിന് വരുന്ന നികുതിയായ 32 ലക്ഷവും താന്‍ അടച്ചതായി വിജയ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്‍ത 'ഗോസ്റ്റ്' മോഡല്‍ കാറാണിത്. വാദം കേട്ട ജസ്റ്റിസുമാരായ സത്യനാരായണയും മുഹമ്മദ് ഷഫീഖും അടങ്ങിയ ബഞ്ചാണ് വിജയ്‍ക്കെതിരെ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം നടത്തിയ പരാമര്‍ശം ഒഴിവാക്കുകയാണെന്ന് അറിയിച്ചത്. 

ഇറക്കുമതി ചെയ്‍ത ആഡംബരക്കാറിന് ഈടാക്കുന്ന നികുതി വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി വിജയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് സുബ്രഹ്മണ്യത്തിന്‍റെ വിമര്‍ശനം. നികുതിയിളവിന് കോടതികളെ സമീപിക്കുന്ന 'റീല്‍ ഹീറോകളെ' വിമര്‍ശിച്ച കോടതി ഈ സമീപനം ദേശവിരുദ്ധമാണെന്നും നിരീക്ഷിച്ചിരുന്നു. എന്‍ട്രി ടാക്സിനു പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി അന്ന് വിധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios