സിംഗിള്‍ ബെഞ്ചിന്‍റെ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് വിജയ് അപ്പീല്‍ നല്‍കിയത്

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്‍റെ താല്‍ക്കാലിക സ്റ്റേ. ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‍സ് കാറിന്‍റെ പ്രവേശന നികുതിയിൽ ഇളവ് തേടി വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് നേരത്തെ സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നത്. സിനിമയിലെ ഹീറോ ജീവിതത്തിൽ 'റീൽ ഹീറോ' ആയി മാറരുതെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ വിജയ് നാരായണ്‍ വഴി വിജയ് അപ്പീല്‍ നല്‍കിയത്. അതേസമയം പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു.

സിംഗിള്‍ ബെഞ്ചിന്‍റെ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും അപ്പീലില്‍ വിജയ് ആവശ്യപ്പെട്ടിരുന്നു. പ്രവേശന നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടതിനെയല്ല തന്‍റെ കക്ഷി ചോദ്യം ചെയ്യുന്നതെന്നും മറിച്ച് കോടതിയുടെ 'കഠിന' പരാമര്‍ശങ്ങളാണ് അതിന് വഴിവച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു. കേസ് അധികകാലം നീട്ടിക്കൊണ്ടുപോകാന്‍ വിജയ് ആഗ്രഹിക്കുന്നില്ലെന്നും ആയതിനാല്‍ ആദായനികുതി വകുപ്പിനോട് ഒരാഴ്ചയ്ക്കുള്ളില്‍ ചെല്ലാന്‍ അയക്കാന്‍ ആവശ്യപ്പെടണമെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇക്കാര്യം ആദായനികുതി വകുപ്പിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona