Asianet News MalayalamAsianet News Malayalam

സംഘട്ടന രംഗങ്ങളില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ? മാഫിയ ശശിയുടെ മറുപടി

'മമ്മൂക്കയുടെ ഒരു സ്റ്റൈല്‍ ഉണ്ട്. ഫൈറ്റ് സീനുകള്‍ റോപ്പില്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. എന്നാല്‍ ലാലേട്ടന്റെ സ്റ്റൈല്‍ വേറെയാണ്.'
 

mafia sasi about mohanlal and mammootty in fight scenes
Author
Thiruvananthapuram, First Published Aug 3, 2019, 6:36 PM IST

മലയാളസിനിമയിലെ ആക്ഷന്‍ കൊറിയോഗ്രഫര്‍മാരില്‍ വിട്ടുകളയാനാവാത്ത പേരാണ് മാഫിയ ശശിയുടേത്. ഈ തലമുറയിലെ മിക്ക നായകന്മാര്‍ക്കും ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിക്കൊടുത്തിട്ടുള്ള അദ്ദേഹം അത്തരം രംഗങ്ങളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമുള്ള അഭിരുചിയെക്കുറിച്ച് പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് മാഫിയ ശശി ഇതേക്കുറിച്ച് പറയുന്നത്. റോപ്പ് ഉപയോഗിക്കുന്നതില്‍ ഏറെ തല്‍പരനാണ് മമ്മൂട്ടിയെന്നും ഫൈറ്റ് സീനുകളില്‍ ഒപ്പമുള്ളവരുടെ മുകളിലും ശ്രദ്ധ വെക്കുന്ന ആളാണ് മോഹന്‍ലാലെന്നും മാഫിയ ശശി പറയുന്നു.

'മമ്മൂക്കയുടെ ഒരു സ്റ്റൈല്‍ ഉണ്ട്. ഫൈറ്റ് സീനുകള്‍ റോപ്പില്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. റോപ്പ് കൈയ്യില്‍ കിട്ടിയാല്‍ എല്ലാ ഷോട്ടും എടുത്തിട്ടേ റോപ്പ് വിടുകയുള്ളൂ. മമ്മൂക്കയുടെ ഫൈറ്റും നല്ല പവര്‍ ഉള്ള ഫൈറ്റ് തന്നെയാണ്,' മാഫിയ ശശി പറയുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് മോഹന്‍ലാലിന്റെ രീതിയെന്നും പറയുന്നു അദ്ദേഹം. 'ലാലേട്ടന്റെ സ്റ്റൈല്‍ വേറെയാണ്. ഫൈറ്റ് സീനുകള്‍ മുന്‍പ് ചെയ്തിട്ടില്ലാത്ത ഒരാള്‍ ഒപ്പമുണ്ടെങ്കില്‍ അയാളെക്കൊണ്ട് ലാലേട്ടന്‍ തന്നെ എല്ലാം ചെയ്യിച്ചോളും. വില്ലന്‍ റോളില്‍ ഒരു പുതുമുഖമാണ് വരുന്നതെങ്കില്‍ മറ്റുള്ളവര്‍ക്ക് ഒരു ഭയമുണ്ടാവും. നമുക്ക് അടി കൊള്ളുമോ എന്നൊക്കെ. ലാലേട്ടനാണെങ്കില്‍ രീതി വ്യത്യസ്തമായിരിക്കും. ഒപ്പം നിന്ന് അവരെക്കൊണ്ട് ചെയ്യിപ്പിക്കും.' മോഹന്‍ലാലാണ് എതിരെ വന്നത് എന്നതിനാല്‍ ഗംഭീരമായ സംഘട്ടനരംഗമാണ് കിരീടത്തിലേതെന്നും അദ്ദേഹം പറയുന്നു. കിരീടത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍രാജ് കിരീടത്തില്‍ വരുമ്പോള്‍ സംഘട്ടനരംഗങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ലെന്നും മോഹന്‍ലാലാണ് ഒപ്പം നിന്ന് എല്ലാം ചെയ്യിച്ചതെന്നും. 'പക്ഷേ ആ ഫൈറ്റ് അത്രയും പ്രശസ്തമായി. അത് ലാലേട്ടന്റെ ഒരു കഴിവാണ്.'  ഡ്യൂപ്പിനെ ഉപയോഗിക്കുന്നതില്‍ താല്‍പര്യം കാട്ടാത്തയാളാണ് മോഹന്‍ലാല്‍ എന്നും മാഫിയ ശശി പറയുന്നു.

Follow Us:
Download App:
  • android
  • ios