ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ അപ്രതീക്ഷിത വിജയം ഇന്ന് മുതല്‍ ഒടിടിയില്‍. 50 ദിവസത്തിന് ശേഷവും ചിത്രം തിയറ്ററുകളില്‍ തുടര്‍ന്നിരുന്നു.

സിനിമകളുടെ ജയപരാജയങ്ങളില്‍ പലപ്പോഴും അപ്രതീക്ഷിതത്വത്തിന്‍റെ ഒരു മുദ്ര ഉണ്ടാവും. വലിയ പ്രതീക്ഷയോടെ എത്തുന്ന പല ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടുന്നതില്‍ അമ്പേ പരാജയപ്പെടുമ്പോള്‍ കൊട്ടും കുരവയുമൊന്നുമില്ലാതെ എത്തുന്ന ചില ചിത്രങ്ങള്‍ മഹാവിജയങ്ങളും നേടാറുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷവും അത്തരം വിജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും വലുതെന്ന് പറയാവുന്ന ചിത്രം ഇപ്പോഴിതാ അതിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അനിമേഷന്‍ ചിത്രമായ മഹാവതാര്‍ നരസിംഹയാണ് ആ ചിത്രം. ചിത്രം ഇന്ന് ഒടിടി പ്രീമിയര്‍ ആരംഭിക്കും.

ക്ലീം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച്, പ്രശസ്ത ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് അവതരിപ്പിച്ച്, അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം 2024 നവംബറില്‍ ​ഗോവ ചലച്ചിത്ര മേളയിലാണ് പ്രീമിയര്‍ ചെയ്തത്. എന്നാല്‍ തിയറ്റര്‍ റിലീസ് ഈ വര്‍ഷം ജൂലൈ 25 ന് ആയിരുന്നു. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി 2ഡിയിലും 3ഡിയിലുമായാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മൗത്ത് പബ്ലിസിറ്റിയില്‍ കുതിച്ചു കയറിയ ചിത്രം തിയറ്ററുകളില്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വമ്പന്‍ കളക്ഷനും കൂടെ പോന്നു.

15 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് ഇത്. തിയറ്ററുകളില്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴും ഇന്ത്യയില്‍ ആകമാനം 240 ല്‍ ഏറെ തിയറ്ററുകളില്‍ ചിത്രം തുടര്‍ന്നിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ​നെറ്റ് കളക്ഷന്‍ 250.29 കോടിയാണ്. ​ഗ്രോസ് 297.74 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 28 കോടിയും ചിത്രം നേടി. അങ്ങനെ ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ മഹാവതാര്‍ നരസിംഹയുടെ നേട്ടം 325.74 കോടിയാണ്. അതായത് ബജറ്റിന്‍റെ 21 ഇരട്ടിയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്! ഏത് നിര്‍മ്മാതാവും കൊതിക്കുന്ന വിജയം.

ചിത്രത്തിന്‍റെ ഒടിടി റിലീസിനെക്കുറിച്ച് പലവിധി റിപ്പോര്‍ട്ടുകള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇന്നലെയാണ് അത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് ഈ വിജയ ചിത്രത്തിന്‍റെ ഒടിടി പ്രദര്‍ശനം തുടങ്ങുക.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming