ജയറാമിന്‍റെ തിരിച്ചുവരവ് സംഭവിക്കുമോ?

ഒരു കാലത്ത് മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാനാവുന്ന നിരവധി സിനിമകളും കഥാപാത്രങ്ങളും തന്ന താരമാണ് ജയറാം. എന്നാല്‍ അക്കാലത്തെ ജനപ്രീതി നിലനില്‍ത്താന്‍ സമീപകാലത്ത് അദ്ദേഹത്തിനായിട്ടില്ല. ഓരോ ജയറാം ചിത്രവും ഇറങ്ങുമ്പോള്‍ ഇത് അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് ചിത്രമായേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കാറുണ്ട്. എന്നാല്‍ അത്തരം പ്രതീക്ഷകള്‍ അപ്പോഴൊക്കെയും വൃഥാവിലാവുകയായിരുന്നു. എന്നാല്‍ അടുത്ത റിലീസിലൂടെ ജയറാം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ് ജയറാമിന്‍റെ അടുത്ത റിലീസ്.

അടുത്ത വര്‍ഷം ആദ്യമെത്തുന്ന മലയാളത്തിലെ ശ്രദ്ധേയ റിലീസുകളിലൊന്നാണ് ഈ ചിത്രം. ജനുവരി 11 ആണ് റിലീസ് തീയതി. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച് സംബന്ധിച്ചാണ് അത്. പ്രമുഖ തെലുങ്ക് താരം മഹേഷ് ബാബുവാണ് ഓസ്‍ലര്‍ ട്രെയ്‍ലറിന്‍റെ ഓണ്‍ലൈന്‍ ലോഞ്ച് നിര്‍വ്വഹിക്കുക. ജനുവരി 3 ന് രാത്രി 7.30 ന് ട്രെയ്‍ലര്‍ എത്തും. മഹേഷ് ബാബുവിന്‍റെ അടുത്ത റിലീസ് ഗുണ്ടൂര്‍ കാരത്തില്‍ ജയറാം ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓസ്‍ലര്‍ എത്തുന്നതിന്‍റെ തൊട്ടുപിറ്റേന്നാണ് ഈ ചിത്രത്തിന്‍റെ റിലീസ് എന്നതും ശ്രദ്ധേയമാണ്. 

മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഓസ്‍ലറില്‍ ജയറാമിന്‍റെ ടൈറ്റില്‍ കഥാപാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അർജുൻ അശോകൻ, സൈജുക്കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന താരങ്ങളാണ്. ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം മിഥുൻ മുകുന്ദ്, ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്.

ALSO READ : തുടര്‍ പരാജയങ്ങളിലും നിരാശനാകാതെ ആമിര്‍ ഖാന്‍; ദിവസം ഒരു മണിക്കൂര്‍ മാറ്റിവെക്കുന്നത് അക്കാര്യം പഠിക്കാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം