സൂഫിയും സുജാതയും എന്ന ചിത്രത്തിനു ശേഷം മലയാളത്തിലെ ഡയറക്ട് ഒടിടി റിലീസായി വരുന്ന സിനിമകളില്‍ ഒന്നാണ് സി യു സൂണ്‍. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ ഒന്നിനാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡയറക്ട് ഒടിടി റിലീസിലേക്ക് താല്‍പര്യപ്പെട്ട് പോകുന്നതല്ലെന്നും തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലെ പ്രതിസന്ധി മനസിലാക്കി എത്തിച്ചേര്‍ന്നതാണെന്നും മഹേഷ് നാരായണന്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തില്‍ കമല്‍ഹാസന്‍ തനിക്കു നല്‍കിയ ഉപദേശത്തെക്കുറിച്ചും മഹേഷ് പറയുന്നു.

"ഒടിടിയ്ക്കുവേണ്ടി നമ്മളാരും താല്‍പര്യപ്പെട്ട് പോകുന്നതല്ല. ഫഹദിനെ നായകനാക്കി ഞാന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം സെന്‍സറിംഗിന്‍റെ അടുക്കല്‍ നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലേക്ക് പോയത്. ആ സമയം സ്വാഭാവികമായും ക്രിയേറ്റീവ് ആയ മനുഷ്യരൊക്കെ വിഷാദത്തിന്‍റെ അവസ്ഥയിലേക്ക് മാറും. ഞാന്‍ പതിനഞ്ച് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. എന്‍റെ കൂടെ അസിസ്റ്റ് ചെയ്തിരുന്ന പതിനഞ്ചോളം എഡിറ്റേഴ്സ് ഇന്ന് ഇന്‍ഡിപെന്‍ഡന്‍റ് ആയി ജോലി ചെയ്യുന്നുണ്ട്. അവരില്‍ എന്നേക്കാള്‍ പ്രതിഫലം വാങ്ങുന്നവരുമുണ്ട്. മലയാളസിനിമ ഒരു കുതിച്ചുചാട്ടത്തിന്‍റെ അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. ലോക്ക് ഡൗണിന്‍റെ സമയത്ത് പലരുടെയും കോളുകള്‍ എനിക്ക് വരാന്‍ തുടങ്ങി. സിനിമ തീര്‍ന്നോ എന്നും ഇനി എന്താണ് ചെയ്യേണ്ടത് എന്നുമൊക്കെ ചോദിച്ചുകൊണ്ട്. എനിക്കറിയാവുന്ന പലരും ദോശമാവ് വിറ്റുതുടങ്ങി. പലരും വീടുകളില്‍ ഭക്ഷണം ഉണ്ടാക്കി വിറ്റുതുടങ്ങി. അങ്ങനെ ഭക്ഷണം ഉണ്ടാക്കി കൊടുത്തവരില്‍ സംസ്ഥാന അവാര്‍ഡ് വാങ്ങിയ എഡിറ്റര്‍മാര്‍ വരെയുണ്ട്", മഹേഷ് നാരായണന്‍ പറയുന്നു.

 

"ഒരിക്കല്‍ കമല്‍ഹാസന്‍ സാറിനോട് പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചു. ഈ വര്‍ഷം നിങ്ങള്‍ സര്‍വൈവലിനുവേണ്ടി ഉപയോഗിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കല സൃഷ്ടിക്കൂ എന്നും പ്രദര്‍ശിപ്പിക്കുന്ന മീഡിയത്തെക്കുറിച്ച് ഈ അവസരത്തില്‍ ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എന്‍റെയൊരു വര്‍ക് ഫ്രം ഹോം ആയിട്ടാണ് ഇതിനെ കണ്ടിരിക്കുന്നത്", മഹേഷ് നാരായണന്‍ പറഞ്ഞവസാനിപ്പിക്കുന്നു.