കൊവിഡ് കാലത്ത് സിനിമാപ്രേമികള്‍ക്ക് ലഭിച്ച സര്‍പ്രൈസ് ആയിരുന്നു സി യു സൂണ്‍. ഫഹദിനൊപ്പം റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും ഒരുമിച്ചെത്തിയ മഹേഷ് നാരായണന്‍ ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണവും ലഭിച്ചു. അതേസമയം ഫഹദിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ഒരു ബിഗ് ബജറ്റ് ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മുടങ്ങി ഇരിക്കുകയുമാണ്. മാലിക് ആണ് ആ ചിത്രം. പല പ്രായത്തിലൂടെ കടന്നുപോകേണ്ട കഥാപാത്രത്തിനുവേണ്ടി ഫഹദും ഏറെ അധ്വാനിച്ച സിനിമയാണിത്. കഥാപാത്രത്തിന്‍റെ ലുക്ക് തീരുമാനിക്കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ മമ്മൂട്ടി പറഞ്ഞ ഒരു അഭിപ്രായം മഹേഷ് നാരായണന്‍ ചലച്ചിത്ര നിരൂപകനായ രാജീവ് മസന്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടുകയാണോ കുറയ്ക്കുകയാണോ വേണ്ടതെന്ന് ഫഹദ് തന്നോട് ചോദിച്ചിരുന്നതായി മഹേഷ് പറയുന്നു. ഫഹദിന്‍റെ അച്ഛന്‍ ഫാസില്‍ സാറിനെയും അദ്ദേഹത്തിന്‍റെ അച്ഛന്‍റെയുമൊക്കെ ശരീരപ്രകൃതം നോക്കുമ്പോള്‍ അവരൊക്കെ മെലിഞ്ഞ ശരീരമുള്ളവരാണ്. ഇതേക്കുറിച്ച് മമ്മൂക്കയും ഒരു അഭിപ്രായം പറഞ്ഞിരുന്നു. കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടാന്‍ ഫഹദിനോട് ആവശ്യപ്പെടരുതെന്നും അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്‍റെ അഭിനയത്തിലെ നിയന്ത്രണം നഷ്ടമാകുമെന്നുമാണ് മമ്മൂക്ക പറഞ്ഞത്. ഫഹദ് ഒരു മെത്തേഡ് ആക്ടറാണെന്നും പക്ഷേ എന്താണ് അദ്ദേഹത്തിന്‍റെ മെത്തേഡ് എന്നത് നാം കാണുന്നില്ലെന്നും മഹേഷ് പ്രശംസിക്കുന്നു.

 

നായക കഥാപാത്രത്തിന്‍റെ ചെറുപ്പം അവതരിപ്പിക്കാനായി ഫഹദ് 15 കിലോ ഭാരം കുറച്ചിരുന്നു. കൊവിഡ് ഭീതി ഒഴിഞ്ഞതിനു ശേഷമുള്ള തീയേറ്റര്‍ റിലീസിനുവേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നും മഹേഷ് നാരായണന്‍ പറയുന്നു. രചനയും എഡിറ്റിംഗും മഹേഷ് നാരായണന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സനു ജോണ്‍ വര്‍ഗീസ് ആണ്. സംഗീതം സുഷിന്‍ ശ്യാം. ആന്‍റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.