മഹേഷ് നാരായണൻ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നു. 

രാജ്യമൊട്ടാകെ പ്രേക്ഷകരുള്ള മലയാളി ചലച്ചിത്രകാരൻ മഹേഷ് നാരായണൻ ബോളിവുഡിലേക്ക്. സംവിധായകനായി തന്നെയാണ് മഹേഷ് നാരായണൻ ഫാന്റം ഹോസ്‌‍പിറ്റില്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തുന്നത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ആരോഗ്യമേഖലയില്‍ നടത്തിയ പഠനങ്ങളെ ആധാരമാക്കിയിട്ടുള്ളതാണ് സിനിമ. മുഖ്യധാര തിയറ്റര്‍ റിലീസ് ചിത്രമായിട്ടാണ് മഹേഷ് നാരായണന്റെ ആദ്യ ഹിന്ദി സിനിമ എത്തുകയെന്ന് ജോസി ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ആരോഗ്യമേഖലയിലെ ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ആധാരമായി വരുന്നത്. ആരോഗ്യമേലയില്‍ നടത്തിയ പഠനത്തിലെ ഒരു 'അണ്‍യൂഷ്വല്‍' ആയ കണ്ടെത്തലുകളായതിനാല്‍ ചിത്രത്തിന്റെ കഥ കൂടുതല്‍ വെളിപ്പെടുത്താനാകില്ല. യഥാര്‍ഥ സംഭവങ്ങളില്‍ നിന്നുള്ളതാണ് ചിത്രമെങ്കിലും ക്രിയേറ്റീവ് സ്വാതന്ത്ര്യം എടുത്തുകൊണ്ടാണ് മഹേഷ് നാരായണൻ ആകാശ് മൊഹിമനുമായി ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നത്. മഹേഷ് നാരായണന്റെ സംവിധാന മികവ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒന്നായി മാറും ഫാന്റം ഹോസ്‍പിറ്റല്‍ എന്ന ചിത്രമെന്നും ജോസി ജോസഫ് പറഞ്ഞു.

തല്‍വാര്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് പ്രീതി ഷഹാനിക്കൊപ്പം ജോസി ജോസഫിന്റെ കണ്‍ഫ്ലൂൻസ് മീഡിയയും 'ഫാന്റം ഹോസ്‍പിറ്റലി'ന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു.

സിനിമയുടെ കാസ്റ്റിംഗ് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.