ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലമെന്ന് വിളിക്കപ്പെട്ട കാലഘട്ടമാണ് 1951 മുതല്‍ 1962 വരെ. ആതിഥേയരായിരുന്ന 1951 ഏഷ്യന്‍ ഗെയിംസില്‍ ഫുട്‌ബോള്‍ കിരീടം നേടി തുടങ്ങിയ, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജൈത്രയാത്രയായിരുന്നു അത്. തുടര്‍ന്ന് നടന്ന നാല് ചതുര്‍ രാഷ്ട്ര പരമ്പരകളില്‍ കിരീടം ചൂടിയ ഇന്ത്യ 1956 ഒളിംപിക്‌സില്‍ ഫുട്‌ബോളില്‍ നാലാമതുമെത്തി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈ അവിസ്മരണീയകാലം ബിഗ് സ്‌ക്രീനില്‍ എത്തുന്നു. ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് 'മൈതാന്‍' എന്നാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും.

അജയ് ദേവ്ഗണ്‍ നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് കീര്‍ത്തി സുരേഷ് ആണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം കീര്‍ത്തിക്ക് ലഭിക്കുന്ന മികച്ച പ്രോജക്ട് ആണ് 'മൈതാന്‍'. ബദായ് ഹോയുടെ സംവിധായകന്‍ അമിത് രവീന്ദര്‍നാഥ് ശര്‍മ്മയാണ് സംവിധാനം. ബോണി കപൂര്‍, ആകാശ് ചൗള, അരുണവ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.