ഡൽഹിയിലെ നീറ്റ് പരീക്ഷാ പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്നും അതിൽ വിദ്യാർത്ഥികൾ കുറവാണെന്നും സംവിധായകൻ മേജർ രവി. മോഹൻലാലിന്റെ മകൾ വിസ്മയയുടെ സോഷ്യൽ മീഡിയ പോസ്റ്റ് രാഷ്ട്രീയപരമല്ലെന്നും, ഒരു കുട്ടിയെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയിട്ട പോസ്റ്റാണെന്നും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന നീറ്റ് പരീക്ഷാ പ്രക്ഷോഭത്തെക്കുറിച്ചും വിസ്മയ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ചും വിശദീകരണവുമായി സംവിധായകൻ മേജർ രവി. തുടക്കത്തിൽ കുട്ടികളെ തല്ലുകയാണെന്നാണ് കരുതിയതെങ്കിലും വസ്തുതകളും കണക്കുകളും ശേഖരിച്ചു പഠിച്ച ശേഷമാണ് താൻ സംസാരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന സമരത്തിൽ വിദ്യാർത്ഥികൾ കുറവും മറ്റു ചില കുട്ടന്മാരുമാണ് കൂടുതലുമുള്ളതെന്ന് മേജർ രവി ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം ഉയർന്ന സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുകയും പൊലീസിന് നേരെ ആക്രമണവും പേപ്പർ സ്പ്രേ പ്രയോഗവും നടത്തുമ്പോൾ സ്വാഭാവികമായും നടപടിയുണ്ടാകും. പൊലീസിനെ ആക്രമിച്ച ശേഷം കുട്ടികളെ അടിക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും, കേരളത്തിൽ സമരങ്ങൾ ചെയ്തവർ ആരെങ്കിലും പൊലീസിനെ ആക്രമിക്കുകയോ വണ്ടി തകർക്കുകയോ ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
2004-ൽ എഐപിഎംടി, 2011-ൽ എഐഇഇഇ, 2012-ൽ എൻജിനീയറിങ് എൻട്രൻസ്, 2013-ൽ സിഎടി, എസ്ബിഐ, യിപിഎസ്സി, സിപിഎംടി തുടങ്ങി മുൻപും പേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണവും അറസ്റ്റും നടന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സി ബി എസ് ഇയുടെയോ നീറ്റിന്റെയോ ഫുൾ ഫോം അറിയാത്തവരാണ് അവിടെ സമരം ചെയ്യുന്നത്. വിദേശ ഫണ്ടുകൾ സ്വീകരിച്ച സോനം വാങ്ചുക്കിന്റെ മാറ്റങ്ങളും, എഫ്സിആർഎ ഭേദഗതികൾ മാറ്റണമെന്ന ആവശ്യങ്ങളും ഇതിന്റെ ഭാഗമാണ്.
മോദിയെ പുറത്താക്കുക, ഉമർ ഖാലിദ്, ഷെർജീൽ ഇമാം എന്നിവരെ മോചിപ്പിക്കുക, ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക, ഗ്രേറ്റ് നിക്കോബാർ പ്രൊജക്റ്റും ലഡാക്കിലെ വികസനവും നിരോധിക്കുക തുടങ്ങിയ വിദേശ താല്പര്യങ്ങളുള്ള മുദ്രാവാക്യങ്ങളാണ് അവിടെ ഉയരുന്നത്. അമേരിക്കയിൽ ആരംഭിച്ച സോഷ്യൽ മീഡിയ ക്യാമ്പയിൻ ഏറ്റെടുത്താണ് ഈ സമരമെന്നും, പണിയില്ലാത്ത ചില കലാകാരന്മാർ ടിവിയിൽ മുഖം കാണിക്കാൻ ഇതിന്റെ ഭാഗമാകുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ പ്രതികരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആ കുട്ടിക്ക് രാഷ്ട്രീയപരമായ അറിവൊന്നുമില്ലെന്നും അങ്ങേയറ്റം മനുഷ്യത്വമുള്ള കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്നാമിൽ തെരുവുനായയെ ആക്രമിക്കുന്നത് കണ്ട് അതിനെ ഇന്ത്യയിലെത്തിച്ച മനസ്സിനുടമയാണ് മായ. ഒരു കുട്ടിയെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി ഇട്ട പോസ്റ്റാണത്. അത് കോക്രോച്ച് പാർട്ടിക്ക് ഉള്ള പിന്തുണയായി കാണേണ്ടതില്ലെന്നും, കാര്യങ്ങൾ ആ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടെന്നും മേജർ രവി കൂട്ടിച്ചേർത്തു.


