ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത് (INS Vikrant). 2009ൽ കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഈ ഭീമാകാരൻ കപ്പൽ, രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. കഴിഞ്ഞ ദിവസം മോഹൻലാൽ വിക്രാന്ത് കാണാനെത്തിയ വാർത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. മേജർ രവിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ മേജർ രവി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
"കൊച്ചി ഡോക്ക്‌യാർഡിലെ ഐഎസി(IAC) വിക്രാന്തിന് മുകളിൽ സ്ഥാനം പിടിക്കാനായത് ഒരു ബഹുമതിയായിരുന്നു....നമ്മുടെ മധുര ശത്രുക്കൾക്ക് പേടിസ്വപ്‌നങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഈ ഭീമാകാരമായ രാക്ഷസനെ കുറിച്ച് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാം.....ലാൽ സാറിലെ ഉത്സാഹിയായ നിഷ്‌കളങ്കനെ കണ്ടപ്പോൾ സന്തോഷം തോന്നി. വന്ദേമാതരം!! ", എന്നാണ് മേജർ രവി കുറിച്ചത്.
നാവികസേനയും കൊച്ചി കപ്പൽശാലയും ഐഎൻഎസ് വിക്രാന്തിലേക്ക് മോഹൻലാലിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ കൊച്ചിയിൽ എത്തിയത്. നാവികസേനയിലെയും കപ്പൽശാലയിലെയും ജീവനക്കാരോട് അദ്ദേഹം സംസാരിക്കുകയും നടന് ഉദ്യോഗസ്ഥർ ഉപഹാരം സമ്മാനിക്കുകയും ചെയ്തിരുന്നു.
വിക്രാന്ത് സന്ദർശിക്കാൻ സാധിച്ചത് അഭിമാനമെന്നാണ് മോഹൻലാൽ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമോഡോർ വിദ്യാധർ ഹർകെ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു നായർ തുടങ്ങിയവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചിരുന്നു.
'കടലിൽ എപ്പോഴും ജയശാലിയാകട്ടെ': ഐഎൻഎസ് വിക്രാന്തിൽ മോഹൻലാൽ, ചിത്രങ്ങൾ
860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്‍റെ നീളം. 76 ശതാമനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേസമയം കപ്പലിൽ ഉൾക്കൊള്ളാനാകും.
