ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രം

ജയറാമും (Jayaram) മീര ജാസ്‍മിനും (Meera Jasmine) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യന്‍ അന്തിക്കാട് (Sathyan Anthikad) ചിത്രം 'മകളി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ (Makal First look) പുറത്തെത്തി. മീര ജാസ്മിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. ജയറാമും മീരയും ദേവികയുമാണ് ഫസ്റ്റ് ലുക്കില്‍. ആറ് വര്‍ഷത്തിനു ശേഷമാണ് മീര ജാസ്‍മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തെത്തുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നുവാണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം. പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിക്കൊണ്ട് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചത്..

സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ്

"മകൾ' ഒരുങ്ങുകയാണ്. കൊവിഡിന്റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ. 'മകൾ' കാത്തിരുന്നത് അതിനു വേണ്ടിയാണ്. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, 'വടക്കുനോക്കിയന്ത്ര'ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് 'മകൾ' രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മീരാ ജാസ്മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം 'മകളി'ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ."

സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. എസ് കുമാര്‍ ആണ് ഛായാ​ഗ്രഹണം. സം​ഗീതം വിഷ്ണു വിജയ്, പശ്ചാത്തല സം​ഗീതം രാഹുല്‍ രാജ്, ​ഗാനരചന ഹരിനാരായണന്‍, എഡിറ്റിം​ഗ് കെ രാജ​ഗോപാല്‍, കലാസംവിധാനം മനു ജ​ഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം പാണ്ഡ്യന്‍, സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും അനില്‍ രാധാകൃഷ്ണന്‍, സഹസംവിധാനം അനൂപ് സത്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സ്റ്റില്‍സ് എം കെ മോഹനന്‍ (മോമി), അഡീഷണല്‍ സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, പരസ്യകല ജയറാം രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് അണിയറക്കാര്‍.

നാല് വര്‍ഷത്തിനു ശേഷമാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രവുമായി എത്തുന്നത്. 2018ല്‍ പുറത്തെത്തിയ ഞാന്‍ പ്രകാശന്‍ ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ അവസാന ചിത്രം. 2021 ഏപ്രിലിലാണ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.